വെല്ലിങ്ടണ്‍:ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കിവീസ് പേസ് ബൗളർ നീല്‍ വാഗ്നർ കളിക്കില്ല. പകരം മാറ്റ് ഹെന്‍ട്രിയെ ഉൾപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാലാണ് വാഗ്നർ വിട്ടുനില്‍ക്കുന്നത്. ഗർഭിണിയായ ഭാര്യക്ക് ഒപ്പമാണ് നിലവില്‍ വാഗ്നർ. വരു ദിവസങ്ങളില്‍ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയേക്കും. അതേസമയം ഹെന്‍ട്രി ഇന്ന് ടീമിനൊപ്പം ചേരുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോർഡ് ട്വീറ്റിലൂടെ അറിയിച്ചു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; വാഗ്നർക്ക് പകരം ഹെന്‍ട്രി കിവീസ് ടീമില്‍ - matt henry news
ഭാര്യ കുഞ്ഞിന് ജന്മം നല്‍കുന്ന പശ്ചാത്തലത്തിലാണ് വാഗ്നർ ടെസ്റ്റ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്
ഈ മാസം 21-ന് വെല്ലിങ്ടണിലാണ് ആദ്യ ടെസ്റ്റ്. ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഹെന്‍ട്രിയെ ആദ്യം ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഉൾപ്പെടുത്തിയിരുന്നില്ല. 30 ടെസ്റ്റ് വിക്കറ്റുകളാണ് ഹെന്‍ട്രിയുടെ അക്കൗണ്ടിലുള്ളത്. 2015-ല്‍ ഇംഗ്ലണ്ടിനെതിരെ ലോഡ്‌സിലാണ് താരം ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. അവസാനമായി കഴിഞ്ഞ ജനുവരി ആദ്യം സിഡ്‌നി ടെസ്റ്റിലാണ് ഹെന്‍ട്രി കളിച്ചത്.
വാഗ്നറുടെ അസാന്നിധ്യത്തില്‍ ജാമിസണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാനാണ് സാധ്യത. ഇന്ത്യക്കെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ജാമിസണിന്‍റെത്. നേരത്തെ വാഗ്നർ വ്യാഴാഴ്ച്ച ടീമിനൊപ്പം ചേരുമെന്നാണ് അറിയിച്ചിരുന്നത്.