ടെസ്റ്റ് റാങ്കിങ്: ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്‌ടമായി
നേരത്തെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി നടന്ന ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റത് ഇന്ത്യക്ക് തിരിച്ചടിയായി
ബിസിസിഐ
By
Published : May 2, 2020, 12:17 AM IST
ദുബായ്:ഐസിസി ടെസറ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്‌ടമായി. മൂന്ന് വര്‍ഷത്തില്‍ കൂടുതലായി ഒന്നാം റാങ്ക് ഇന്ത്യക്ക് സ്വന്തമായിരുന്നു. പുതിയ റാങ്ക് പട്ടിക പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നേരത്തെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഏറ്റ തിരിച്ചടി ഇന്ത്യക്ക് വിനയായി. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കിവീസ് 2-0ത്തിന് തൂത്തുവാരിയിരുന്നു.
അതേസമയം പരമ്പര തൂത്തുവാരിയ ന്യൂസിലന്‍ഡ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. 2016 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്‌ടമാകുന്നത്. ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 116 പോയിന്‍റാണ് ഉള്ളത്. ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് കിവീസിന് ഒന്നാം സ്ഥാനം നഷ്‌ടമായത്. അതേസമയം മൂന്നാമതുള്ള ഇന്ത്യക്ക് 114 പോയിന്‍റാണ് ഉള്ളത്. ഓരോ പോയിന്‍റ് വ്യത്യാസത്തിലാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നിശ്ചയിച്ചത്.
കിവീസിന് എതിരായ പരമ്പരയില്‍ സമ്പൂർണ തോല്‍വി ഏറ്റുവാങ്ങിയെങ്കലും ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 360 പോയിന്‍റുമായി ഇന്ത്യ തന്നെയാണ് ഇപ്പോഴും ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഓസിസിനേക്കാൾ 64 പോയിന്‍റിന്‍റെ മുന്‍തൂക്കവും ടീം ഇന്ത്യക്കുണ്ട്. ലോക ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായി കളിച്ച പരമ്പരകളില്‍ കിവീസിനോട് മാത്രമെ ഇന്ത്യ തോറ്റിട്ടുള്ളൂ.
പുതിയ ടി20 റാങ്കിങിലും ഓസ്ട്രേലിയ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഒന്നാമതുള്ള ഓസീസിന് 278 പോയിന്‍റും രണ്ടാമതുള്ള ഇംഗ്ലണ്ട് 268 പോയിന്‍റും മൂന്നാമതുള്ള ഇന്ത്യക്ക് 266 പോയിന്‍റുമാണ് ഉള്ളത്. 260 പോയിന്‍റുള്ള പാകിസ്താന്‍ നാലാമതാണ്. ടി20 റാങ്കിങ് നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് ഓസീസ് ആദ്യ സ്ഥാനം സ്വന്തമാക്കുന്നത്. ഏകദിന റാങ്കിങ്ങില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് നില മെച്ചപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 127 പോയിന്‍റാണ് ഉള്ളത്. അതേസമയം 119 പോയിന്‍റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 116 പോയിന്‍റുള്ള ന്യൂസിലന്‍ഡ് മൂന്നാമതും 108 പോയിന്‍റുള്ള പോർട്ടീസ് നാലാമതും 107 പോയിന്‍റുള്ള ഓസിസ് അഞ്ചാമതുമാണ്.