മുംബൈ:ഭാരവാഹികളുടെ കാലാവധി പരിമിതപ്പെടുത്തിയ ലോധ കമ്മിറ്റിയുടെ നിർദേശം ലഘൂകരിക്കാന്‍ ബിസിസിഐ വാർഷിക ജനറല്‍ബോഡിയില്‍ തീരുമാനം. പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ചേർന്ന ബിസിസിഐയുടെ 88-ാമത് വാർഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പരിഷ്ക്കരണം പ്രാബല്യത്തില്‍ വരാന്‍ സുപ്രീം കോടതിയുടെ അംഗീകാരം വേണം. ഇതിനായി ഭേദഗതി സുപ്രീം കോടതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജന്‍സിയോട് വ്യക്താമാക്കി.
ഭാരവാഹികളുടെ കാലാവധി; നിർണായക തീരുമാനവുമായി ബിസിസിഐ
സുപ്രീം കോടതി ചുമതലപ്പെടുത്തിയ ലോധ കമ്മിറ്റിയുടെ നിർദേശങ്ങളില്‍ ഇളവ് വരുത്താന്‍ ബിസിസിഐ ജനറല്‍ബോഡിയില്‍ തീരുമാനം. തീരുമാനം ഗാഗുലിയുടെ പ്രസിഡന്‍റ് സ്ഥാനത്തിന് നിർണായകമാകും
ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ നിലവിലെ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് കൂടുതല്‍ കാലം പദവിയില്‍ തുടരാനാകും. അല്ലാത്ത പക്ഷം വരുന്ന ജൂലൈയില്‍ അദ്ദേഹത്തിന് പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടിവരും. ബിസിസിഐയുടെ നിലവിലെ നിയമപ്രകാരം ഒരാൾക്ക് ആറ് വർഷം മാത്രമേ ഭാരവാഹി സ്ഥാനത്ത് തുടരാനാകൂ. നിലവില്‍ അഞ്ച് വർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി സേവനം അനുഷ്‌ടിച്ച ഗാംഗുലിക്ക് വരുന്ന ജൂലൈയില്‍ സ്ഥാനം ഒഴിയേണ്ടിവരും. സെക്രട്ടറി ജെയ് ഷാ, ഖജാന്‍ജി അരുണ്‍ സിങ്, വൈസ് പ്രസിഡന്‍റ് മഹീം വർമ്മ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ബിസിസിഐ ഭരണഘടന അനുസരിച്ച് ജനറല്‍ ബോഡിയില്‍ ഹാജരാകുന്ന അംഗങ്ങളിൽ മൂന്നില്‍ നാല് ഭൂരിപക്ഷത്തിന് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ കഴിയും. എന്നാൽ ഇവ പ്രാബല്യത്തിൽ വരാൻ സുപ്രീംകോടതിയുടെ അനുമതിയും ആവശ്യമാണ്.