കേരളം

kerala

പത്തരമാറ്റുള്ള പകരക്കാർ: ചാരത്തില്‍ നിന്ന് കുതിച്ചുയർന്ന് ടീം ഇന്ത്യ

By

Published : Jan 19, 2021, 5:16 PM IST

ഓസ്ട്രേലിയയ്ക്ക് മുന്നില്‍ ദയനീയമായി തോല്‍വി സമ്മതിക്കുമെന്ന് കടുത്ത ഇന്ത്യൻ ആരാധകർ പോലും കരുതി. രവി ശാസ്ത്രിയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കണമെന്നും ആവശ്യം ഉയർന്നു. പക്ഷേ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല.

Team India jumps out of the ashes india vs australia India had many stars as they fought their way to a historic win
പത്തരമാറ്റുള്ള പകരക്കാർ: ചാരത്തില്‍ നിന്ന് കുതിച്ചുയർന്ന് ടീം ഇന്ത്യ

ബ്രിസ്‌ബെയിൻ: ലോകത്തെ ഏറ്റവും മികച്ച പേസ് നിര, ടെസ്റ്റ് റാങ്കിങില്‍ ഒന്നാം റാങ്കുകാരനായ പേസ് ബൗളർ പാറ്റ് കമ്മിൻസ്, ആദ്യ പത്ത് റാങ്കിങില്‍ ഉൾപ്പെടുന്ന ജോഷ് ഹാസില്‍ വുഡ്, വേഗം കൊണ്ട് ബാറ്റ്‌സ്‌മാനെ തകർക്കുന്ന മിച്ചല്‍ സ്റ്റാർക്ക്, നൂറ് ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ നതാൻ ലിയോൺ, ബാറ്റിങ് റാങ്കിങില്‍ ആദ്യ അഞ്ചിലെ രണ്ട് പേർ, സ്റ്റീവ് സ്‌മിത്തും മാർനസ് ലബുഷെയിനും. ഇതായിരുന്നു ഓസ്ട്രേലിയൻ ടീം.

ഇന്ത്യയും ഒട്ടും പിന്നിലായിരുന്നില്ല, ലോകത്തെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്‌മാൻമാർ... വിരാട് കോലി, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ... എന്നിട്ടും ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യൻ ടീം ആകെ നേടിയത് 36 റൺസ്. ദയനീയ തോല്‍വി... ലോകക്രിക്കറ്റില്‍ ഇന്ത്യ നാണം കെട്ടു. ഇന്ത്യയ്ക്ക് ഓസ്ട്രേലിയയില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ക്രിക്കറ്റ് വിദഗ്ധർ പോലും പ്രവചിച്ചു. അതിനൊപ്പം കുടുംബ ആവശ്യങ്ങൾക്കായി നായകൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങുകയും കൂടി ചെയ്തതോടെ അടുത്ത മൂന്ന് മത്സരങ്ങളിലും ടീം ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് മുന്നില്‍ ദയനീയമായി തോല്‍വി സമ്മതിക്കുമെന്ന് കടുത്ത ഇന്ത്യൻ ആരാധകർ പോലും കരുതി.

രവി ശാസ്ത്രിയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കണമെന്നും ആവശ്യം ഉയർന്നു. പക്ഷേ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല, രണ്ടാം ടെസ്റ്റില്‍ നായകനായി അജിങ്ക്യ രഹാനെ വന്നു. മധ്യനിരയില്‍ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ വന്നു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായി റിഷഭ് പന്ത് കൂടി എത്തിയതോടെ മെല്‍ബണില്‍ എട്ട് വിക്കറ്റിന് ഇന്ത്യ ജയിച്ചു. സിഡ്‌നിയില്‍ മൂന്നാം മത്സരത്തില്‍ ഓസീസ് തിരിച്ചടിച്ചുവെങ്കിലും പരിക്കിനെയും വംശീയാധിക്ഷേപത്തെയും എല്ലാം മറികടന്ന് ഇന്ത്യയുടെ മനസാന്നിധ്യം മത്സരം സമനിലയിലാക്കി. പക്ഷേ അവസാന ടെസ്റ്റില്‍ ഗാബയില്‍ എത്തുമ്പോൾ ഇന്ത്യയ്ക്ക് കാര്യങ്ങൾ കുറച്ചുകൂടി ബുദ്ധിമുട്ടിലായിരുന്നു. പരിക്കിന്‍റെ കളി ഇന്ത്യയെ പരിപൂർണമായി തളർത്തി. ഇന്ത്യൻ നിരയില്‍ ബൗളർമാരില്‍ രണ്ട് പേർക്ക് ടെസ്റ്റ് അരങ്ങേറ്റം (വാഷിങ്‌ടൺ സുന്ദർ, ടി നടരാജൻ), രണ്ട് പേരുടെ രണ്ടാം ടെസ്റ്റ് മാത്രം ( ശാർദുല്‍ താക്കൂർ, നവദീപ് സെയിനി), ഒരാളുടെ മൂന്നാം ടെസ്റ്റ് (മുഹമ്മദ് സിറാജ്). ജസ്പ്രീത് ബുംറയില്ല, മുഹമ്മദ് ഷമിയില്ല, ഉമേഷ് യാദവില്ല.

ബാറ്റിങ് നിരയില്‍ നായകൻ വിരാട് കോലിയില്ല. മധ്യനിരയിലെ കരുത്തൻ ഹനുമ വിഹാരിയില്ല. ഓൾ റൗണ്ടർ രവിന്ദ്ര ജഡേജ, സ്റ്റാർ സ്പിന്നർ രവി അശ്വിൻ എന്നിവരും കളിക്കുന്നില്ല. പക്ഷേ, അതിനെയെല്ലാം ആത്മവിശ്വാസവും മനസ്ഥൈര്യവും മനസാന്നിധ്യവും കൊണ്ട് ടീം ഇന്ത്യ എല്ലാ പ്രതിസന്ധികളെയും മറികടന്നിരിക്കുന്നു. ബ്രിസ്ബെയിനിലെ ഗാബ സ്റ്റേഡിയത്തില്‍ ഇന്ത്യ ചരിത്രം രചിച്ചു. മൂന്ന് വിക്കറ്റിന് ഓസീസിനെ തകർത്ത് നാലാം ടെസ്റ്റില്‍ ജയവും പരമ്പരയും സ്വന്തമാക്കി. ബ്രിസ്‌ബെയിനില്‍ ജയിതച്ചതോടെ ഗാബ സ്റ്റേഡിയത്തില്‍ ജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.

ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്ന ശുഭ്‌മാൻ ഗില്ലിന്‍റെ അർധ സെഞ്ച്വറി, രണ്ടാം സെഷൻ വരെ വിക്കറ്റ് നഷ്ടമാകാതെ അർധ സെഞ്ച്വറി നേടി ഇന്ത്യൻ മധ്യനിരയെ പിടിച്ചു നിർത്തിയ ചേതേശ്വർ പുജാര, വാലറ്റത്തിനൊപ്പം തകർത്തടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്ത്, കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി തകർപ്പൻ ബൗളിങ് പ്രകടനം നടത്തിയ മുഹമ്മദ് സിറാജ്, ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഇന്ത്യയെ താങ്ങി നിർത്തിയ വാഷിങ്ടൺ സുന്ദറും ശാർദുല്‍ താക്കൂറും ഇങ്ങനെ വിജയശില്പികൾ ഒരുപാടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കർ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞതുപോലെ ഓരോ സെഷനിലും ഇന്ത്യ ഓരോ സൂപ്പർ ഹീറോമാരെ സൃഷ്ടിച്ചു. ഓസ്ട്രേലിയ സൃഷ്ടിച്ച മാനസിക, ശാരീരിക സമ്മർദ്ദം അതിജീവിച്ചു. ഈ ടെസ്റ്റ് പരമ്പരയിലാകെ ഇന്ത്യ 20 താരങ്ങളെയാണ് ടീമില്‍ പരീക്ഷിച്ചത്.

നായകൻ അജിങ്ക്യ രഹാനെക്കും പരിശീലകൻ രവി ശാസ്ത്രിക്കും അഭിമാനിക്കാം. ടീം മാനേജ്‌മെന്‍റ് നല്‍കിയ പിന്തുണയാണ് കരുത്തായതെന്ന് മത്സര ശേഷം റിഷഭ് പന്ത് പറഞ്ഞതും ശ്രദ്ധേയമാണ്. യുവതാരങ്ങൾക്ക് അർഹമായ പരിഗണനയും പിന്തുണയും ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് നല്‍കി. വിജയവും പരമ്പരയുമാണ് ടീം ഇന്ത്യ പകരം നല്‍കിയത്. ഒരു പിടി താരങ്ങളെയാണ് ഇന്ത്യ ഈ പരമ്പരയില്‍ കണ്ടെത്തിയത്. നെറ്റ്‌സില്‍ പന്തെറിയാൻ കൊണ്ടു പോയവർ ടീമിന്‍റെ വിജയശില്പികളായി. മുഹമ്മദ് സിറാജ്, ശാർദുല്‍ താക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവർ ടീമിന്‍റെ കണ്ടെത്തലായപ്പോൾ റിഷഭ് പന്ത് എല്ലാ ആക്ഷേപങ്ങൾക്കുമുള്ള മറുപടി ബാറ്റ് കൊണ്ട് നല്‍കി.

അവസാന ടെസ്റ്റില്‍ കളിയിലെ കേമനായ പന്ത് വൃദ്ധിമാൻ സാഹയ്ക്ക് താൻ തന്നെയാണ് പകരക്കാരൻ എന്നും തെളിയിച്ചു. രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ടർ സ്ഥാനത്തിന് ശരിക്കും പകരക്കാരാൻ താനാണെന്ന് വാഷിങ്ടൺ സുന്ദറും ടീമിന് കാണിച്ചുകൊടുത്തു. ഓപ്പണിങില്‍ രോഹിത് ശർമയുടെ പാർട്‌ണറായി ഇന്ത്യയ്ക്ക് എക്കാലവും കാത്തുവെക്കാവുന്ന പേരായി ശുഭ്‌മാൻ ഗില്‍ മാറുന്നതിനും ഈ പരമ്പര സാക്ഷിയായി. പകരക്കാർ പരാജയപ്പെടാനുള്ളവരല്ലെന്നും വിജയശില്പികളാണെന്നും ഈ പരമ്പരയിലൂടെ ഇന്ത്യയും തെളിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details