സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണാധിപത്യം ലക്ഷ്യമിട്ട് ടീം ഇന്ത്യ. ബുധനാഴ്‌ച സിഡ്‌നിയിലാണ് പോരാട്ടം. 2020ലെ അവസാനത്തെ ടി20 പോരാട്ടമാണ് ഇരു ടീമുകളെയും കാത്തിരിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇതിനകം 2-0ത്തിന് നീലപ്പട സ്വന്തമാക്കി കഴിഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച തുടക്കം ലക്ഷ്യമിട്ടാണ് ഓസിസ് നിര സിഡ്‌നിയില്‍ ടീം ഇന്ത്യക്ക് എതിരെ ഇറങ്ങുക.
കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ ആദ്യം ബാറ്റ് ചെയ്‌ത് ടീം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യ സ്‌കോര്‍ പിന്തുടര്‍ന്നും ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ 162 റണ്‍സെന്ന ഭേദപ്പെട്ട വിജയ ലക്ഷ്യം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 192 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നാണ് ജയം സ്വന്തമാക്കിയത്. 22 പന്തില്‍ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദിക് പാണ്ഡ്യയുടെ കരുത്തിലാണ് ടീം ഇന്ത്യ സിഡ്‌നിയില്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയത്. മികച്ച ഫിനിഷറെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ ഇതിനകം കഴിവ് തെളിയിച്ച് കഴിഞ്ഞു. ബാറ്റിങ്ങിനൊപ്പം ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ പാണ്ഡ്യയെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
ആദ്യമായി ഒരു അന്താരാഷ്‌ട്ര മത്സരം കളിക്കുന്ന ടി നടരാജന്‍ തീപ്പൊരി പ്രകടനമാണ് പുറത്തെടുത്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി കളിച്ച ടി20, ഏകദിന പരമ്പരകളില്‍ നടരാജന്‍ ഇതിനകം അരങ്ങേറി കഴിഞ്ഞു. രണ്ട് ടി20 മത്സരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റുകളാണ് നടരാജന്‍ സ്വന്തമാക്കിയത്. ന്യൂ ബോളിലും ഡത്ത് ഓവറിലും ഫലപ്രദമായി ഉപയോഗിക്കാവുന്ന ബൗളര്‍ എന്ന നിലയില്‍ നടരാജന്‍ ഇതിനകം പക്വത കൈവരിച്ച് കഴിഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുതുമുഖം എന്ന ആനുകൂല്യവും ഈ പേസര്‍ക്ക് ലഭിക്കുന്നുണ്ട്. യോര്‍ക്കറുകളാണ് നടരാജന്‍റെ പ്രധാന ആയുധം. സിഡ്‌നിയില്‍ നടന്ന രണ്ടാം ടി20യില്‍ 20 റണ്‍സ് മാത്രമാണ് നടരാജന്‍ വഴങ്ങിയത്.