ദുബൈ: ഐസിസി ട്വന്‍റി-20 റാങ്കിങ്ങില്‍ നേട്ടം കൊയ്‌ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കെ എല്‍ രാഹുലും. ഇന്ന് പ്രഖ്യാപിച്ച റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാർക്കിടയില്‍ ഓപ്പണർമാരായ രോഹിത് ശർമ്മയും കെഎല്‍ രാഹുലും കോലിയും ആദ്യ പത്തില്‍ ഇടം നേടി. ആദ്യ പത്തില്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ താരങ്ങൾ മാത്രമാണ്. കോലി അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തും രാഹുല്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തും എത്തി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടനമാണ് ഇരുവർക്കും തുണയായത്. വിന്‍റീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നായകന്‍ കോലി 94 റണ്‍സും അവസാനത്തെ മത്സരത്തില്‍ 70 റണ്‍സും സ്വന്തമാക്കിയിരുന്നു. ഓപ്പണർ കെ എല്‍ രാഹുല്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ 62 റണ്‍സും 91 റണ്‍സും എടുത്ത് തിളങ്ങി.
അതേസമയം കരീബിയന്‍സിനെതിരെ മോശം പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ ഒരു സ്ഥാനം താഴേക്ക് പോയി ഒമ്പതാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ട് മത്സരങ്ങളിലെ ഇന്നിങ്സുകളില്‍ രോഹിത് രണ്ടക്കം തികച്ചിരുന്നില്ല. മൂന്നാമത്തെ മത്സരത്തില്‍ 71നേടിയത് മാത്രമാണ് രോഹിതിന്‍റെ നേട്ടം.