രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി -20 യിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം. 154 റണ്‍സ് വിജയലക്ഷ്യവുമായി പിന്തുടർന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയക്കൊടി നാട്ടി. 15.4 ഓവറിലാണ് ലക്ഷ്യം മറികടന്നത്. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ 1-1ന് ഇന്ത്യ ബംഗ്ലാദേശിനൊപ്പമെത്തി.നൂറാം രാജ്യാന്തര ട്വന്റി-20 മത്സരം കളിച്ച നായകൻ രോഹിത് ശര്‍മയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ തേരോട്ടം. 43 പന്തില്‍ 85 റണ്‍സാണ് രോഹിത്ത് നേടിയത്. ആറ് സിക്സും ആറ് ഫോറും ചേർന്നതായിരുന്നു ഇന്നിങ്സ്.
മധുര പ്രതികാരം: രാജ്കോട്ടില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം - t-20 match
നൂറാം രാജ്യാന്തര ട്വന്റി-20 മത്സരം കളിച്ച നായകൻ രോഹിത് ശര്‍മയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ തേരോട്ടം.
ശിഖർ ധവാൻ-രോഹിത് ശർമ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 118 റൺസ് അടിച്ചുകൂട്ടി. 23 പന്തില്‍ നിന്ന് രോഹിത് അര്‍ധ സെഞ്ചുറി കടന്നപ്പോൾ 27 പന്തിൽ 31 റൺസെടുത്ത ധവാനെ അമിനുള്‍ ഇസ്ലാം പുറത്താക്കി. അമിനുൾ തന്നെയാണ് രോഹിത്തിന്റെ വിക്കറ്റും നേടിയത്. കെ.എൽ. രാഹുലും ശ്രേയ്യസ് അയ്യറും ഒത്തുചേർന്ന രണ്ടാം വിക്കറ്റിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. 13 പന്തിൽ 24 റൺസ് നേടി അയ്യരും 11 പന്തിൽ എട്ടു റൺസും നേടി രാഹുലും പുറത്താകാതെ നിന്നു.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹർ, ഖലീൽ അഹമ്മദ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി. ആറു വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 153 റൺസ് നേടിയത്. ലിറ്റൺ ദാസ്-മുഹമ്മദ് നയീം സഖ്യത്തിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് 60 റൺസ് നേടി. 21 പന്തില്‍ 29 റണ്‍സെടുത്ത ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കുകയായിരുന്നു. 31 പന്തിൽ 36 റൺസെടുത്ത ഓപ്പണർ നയീമിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു പുറത്താക്കി. മുഷ്ഫിഖുർ റഹീം(4), സൗമ്യ സര്‍ക്കാർ(30), മഹ്മദുള്ള(30), അഫീഫ് ഹുസൈന് (6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.