കേരളം

kerala

ETV Bharat / sports

ജാർഖണ്ഡിനോട് തോറ്റു; കേരളം പുറത്ത്

ജാർഖണ്ഡിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട കേരളം സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്നും പുറത്ത്.

സച്ചിൻ ബേബി

By

Published : Mar 2, 2019, 7:03 PM IST

സയ്യദ് മുഷ്താഖ് അലി ട്വന്‍റി-20 ട്രോഫിയില്‍ നിന്നും കേരളം പുറത്ത്. നിർണായകമായ അവസാന മത്സരത്തില്‍ ജാർഖണ്ഡിനോട് അഞ്ച് വിക്കറ്റിന് തോറ്റാണ് കേരളം പുറത്തായത്. ബൗളർമാരുടെ മോശം പ്രകടനമാണ് കേരളത്തിനെ തോല്‍വിയിലേക്ക് നയിച്ചത്. കേരളം പുറത്തായതോടെ ഡല്‍ഹിയും ജാർഖണ്ഡും അടുത്ത റൗണ്ടിലേക്ക് കടന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് വേണ്ടി മികച്ച പ്രകടനമാണ് ബാറ്റ്സ്മാൻമാർ കാഴ്ചവച്ചത്. 20 ഓവറില്‍ 176 റൺസാണ് കേരളം നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡ് അഞ്ച് പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 24 പന്തില്‍ അർധ സെഞ്ച്വറി നേടിയ സൗരഭ് തിവാരിയുടെ പ്രകടനമാണ് കേരളത്തെ തകർത്തത്. 72 റൺസെടുത്ത ആനന്ദ് സിംഗും 46 റൺസെടുത്ത വിരാട് സിംഗുമാണ് ജാർഖണ്ഡിന്‍റെ വിജയത്തിന് അടിത്തറ നിർമ്മിച്ചത്. കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി നായകൻ സച്ചിൻ ബേബി 36 റൺസ് നേടി. രോഹൻ കുന്നുമ്മല്‍(34), വിഷ്ണു വിനോദ്(27), വിനൂപ് മനോഹരൻ(31) എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ജാർഖണ്ഡിന് വേണ്ടി രാഹുല്‍ ശുക്ലയും വികാഷ് സിംഗും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമടക്കം 16 പോയിന്‍റുമായി കേരളം മൂന്നാം സ്ഥാനത്താണ് ടൂർണമെന്‍റ് അവസാനിപ്പിച്ചത്. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകൾക്ക് മാത്രമാണ് നോക്കൗട്ടിലേക്ക് പ്രവേശനമുള്ളതിനാല്‍ ആദ്യ രണ്ട് സ്ഥാനക്കാരായ ജാർഖണ്ഡും ഡല്‍ഹിയും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.

ABOUT THE AUTHOR

...view details