ട്വീറ്റ് വിവാദമായതിന് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പൊങ്കാലയിട്ട് മലയാളികള്‍. പുറത്ത് നിന്നുള്ളവര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുതെന്ന സച്ചിന്‍റെ ട്വീറ്റിന് പിന്നാലെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പൊങ്കാല. സുശീല ആയിരുന്നു ശരിയെന്നായിരുന്നു ഒരു ട്വീറ്റ്. '1983' എന്ന നിവിൻ പോളി സിനിമയില്‍ സച്ചിനെ അറിയില്ലെന്ന് പറഞ്ഞ സുശീലയെ കളിയാക്കിയതില്‍ മാപ്പുപറഞ്ഞും സുശീലേച്ചിയാണ് ശരിയെന്നുമായിരുന്നു ട്വീറ്റുകള്‍.
ടെന്‍ഡുല്‍ക്കറെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് താരം മറിയ ഷറപ്പോവയോട് മാപ്പ് പറഞ്ഞും മലയാളികള്‍ രംഗത്ത് വന്നു. 2014ല്‍ വംബിള്‍ഡണില്‍ തന്‍റെ കളി കാണാന്‍ വന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അറിയാമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് അറിയില്ല എന്ന് ഷറപ്പോവ മറുപടി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഫുട്‌ബോള്‍ താരം ഡേവിഡ് ബക്കാമിനെ അറിയാമെന്ന് കൂടി ഷറപ്പോവ പറഞ്ഞു. ഇതോടെ ഷറപ്പോവയുടെ ഫേസ്‌ബുക്ക് പേജില്‍ നിരവധി സച്ചിന്‍ ആരാധകരാണ് രോഷം പങ്കുവെച്ചത്. മലയാളികളായിരുന്നു ഇക്കാര്യത്തില്‍ മുമ്പില്‍. കഴിഞ്ഞ ദിവസം സച്ചിന്‍റെ ട്വീറ്റ് പുറത്ത് വന്നതിന് ശേഷം നിരവധി മലയാളികളാണ് സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയോട് മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.
'ഗോഡ് ഓഫ് ക്രിക്കറ്റ് ഡോഗ് ഓഫ് അംബാനി എന്നായിരുന്നു മറ്റൊരു ട്വീറ്റ്'. സച്ചിന്‍ കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാടില്‍ നിരാശപൂണ്ട ആരാധകരാണ് ട്വീറ്റിലൂടെ പ്രതിഷേധമറിയിച്ച് രംഗത്ത് വന്നത്. ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം പോപ്പ് ഗായിക റിഹാന രംഗത്ത് വന്നതിന് പിന്നാലെയാണ് സച്ചിന്‍റെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നായിരുന്നു ട്വീറ്റ്. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും സച്ചിന്‍ ട്വീറ്റിലൂടെ ആവശ്യപെട്ടു. കര്‍ഷക സമരം 70 ദിവസം പിന്നിട്ടുമ്പോഴും സച്ചിന്‍ യാതൊരു പ്രതികരണവും നടത്താതിരുന്നതിനെയും ട്വീറ്റിലൂടെ നിരവധി പേര്‍ കുറ്റപ്പെടുത്തുന്നുണ്ട്.