ന്യൂഡല്‍ഹി: നായകനായിരിക്കെ മഹേന്ദ്രസിങ് ധോണിയുടെ ഇഷ്‌ട താരമായിരുന്നു സുരേഷ് റെയ്‌നയെന്ന് മുന്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ യുവരാജ് സിങ്. എല്ലാ ക്യാപ്റ്റന്‍മാർക്കും ടീമിലെ ഒരു അംഗത്തോട് പ്രത്യേക താല്‍പര്യം കാണും. ധോണിയുടെ കാര്യത്തില്‍ അത് സുരേഷ് റെയ്‌നയായിരുന്നു. ധോണി എപ്പോഴും റെയ്‌നയെ പിന്തുണച്ചതായി അനുഭവപ്പെട്ടതായും യുവി വെളിപ്പെടുത്തി. റെയ്‌നക്ക് അകമഴിഞ്ഞ പിന്തുണയാണ് ധോണിയില്‍ നിന്നും കിട്ടിയത്. ടീമില്‍ മറ്റൊരാൾക്കും ധോണിയില്‍ നിന്നും അത്രയും പിന്തുണ ലഭിച്ചതായി തോന്നിയിട്ടില്ലെന്നും യുവി പറയുന്നു.
ടീമിലെ ധോണിയുടെ പ്രിയ താരം റെയ്‌ന: യുവരാജ് സിങ് - ധോണി വാർത്ത
നായകനായിരുന്ന കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിക്ക് പ്രിയം സുരേഷ് റെയ്‌നയോടെന്ന് വെളിപ്പെടുത്തി യുവരാജ് സിങ്
2011 ലോകകപ്പില്‍ ടീം സെലക്ഷന്‍റെ കാര്യം വരുമ്പോൾ ധോണി ഏറെ സമ്മർദം അനുഭവിച്ചിരുന്നു. പ്രത്യേകിച്ചും യൂസഫ് പഠാനെയോ സുരേഷ് റെയ്‌നയേയോ തെരഞ്ഞടുക്കണമെന്ന ഘട്ടം വരുമ്പോൾ. ഫോമില്‍ അല്ലെങ്കിലും റെയ്‌നയെ അന്തിമ ഇലവനില്‍ ഉൾപ്പെടുത്താനാണ് ധോണി ശ്രമിച്ചിരുന്നത്. അതേസമയം താന്‍ ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമായിരുന്നു നടത്തിയതെന്നും യുവി കൂട്ടിച്ചേർത്തു. ആ സമയത്ത് ടീമില്‍ ഇടംകൈയന്‍ സ്‌പിന്നറില്ലായിരുന്നു. താനാവട്ടെ വിക്കറ്റുകള്‍ എടുക്കാറുമുണ്ടായിരുന്നു. അതിനാല്‍ ടീമില്‍ ഇടം നേടാന്‍ പ്രയാസം നേരിട്ടില്ലെന്നും യുവരാജ് സിങ് വ്യക്തമാക്കി.
ധോണിയുടെ കീഴിലുള്ള ടീമില്‍ റെയ്‌ന പതിവായി ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ വിരാട് കോലി ഇന്ത്യന്‍ നായകന്‍ ആയതിന് ശേഷം റെയ്‌നക്ക് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ അവസരം ലഭിക്കുന്നത് കുറഞ്ഞു. 2018 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി അന്താരാഷ്‌ട്ര ഏകദിനം കളിച്ചത്. ആ വർഷം റെയ്‌ന പങ്കെടുത്ത ഏകദിന പരമ്പര അത് മാത്രമായിരുന്നു. 2014-15 വർഷത്തിലാണ് റെയ്‌ന അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. ഓസ്‌ട്രേലിയയില്‍ നടന്ന ആ പരമ്പരയോടെ ധോണി ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചു.