ഹൈദരാബാദ്:പ്രഥമ ടി20 സെഞ്ച്വറി സ്വന്തമാക്കിയ ഓർമകൾ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. 2010-ലെ ടി20 ലോകകപ്പില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കെതിരെ നടന്ന മത്സരത്തിലാണ് റെയ്‌ന ഈ നേട്ടം സ്വന്തമാക്കിയത്. മെയ് രണ്ടിന് നടന്ന മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ടി20 സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോഡും റെയ്‌ന സ്വന്തം പേരില്‍ കുറച്ചു. 60 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്. 101 റണ്‍സെടുത്ത റെയ്‌ന ആല്‍ബി മോർക്കലിന്‍റെ പന്തിലാണ് അന്ന് പുറത്തായത്. ഏതായാലും റെയ്‌നയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ അന്ന് പോർട്ടീസിന് എതിരെ 14 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. റെയ്‌നയെ കളിയിലെ താരമായും തെരഞ്ഞെടുത്തു. ഇന്ത്യ ഉയർത്തിയ 186 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് നിശ്ചിത 20 ഓവറില്‍ 172 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
പ്രഥമ ടി20 സെഞ്ച്വറിയുടെ ഓർമ പങ്കുവെച്ച് സുരേഷ് റെയ്‌ന - റെയ്‌ന വാർത്ത
2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലാണ് മൂന്നാമനായി ഇറങ്ങിയ സുരേഷ് റെയ്‌ന ഇന്ത്യക്കായി പ്രഥമ ടി20 സെഞ്ച്വറി സ്വന്തമാക്കിയത്
അവിസ്‌മരണീയമായ മുഹൂർത്തമായിരുന്നു അത് റെയ്‌ന ട്വീറ്റ് ചെയ്‌തു. രാജ്യത്തിന് വേണ്ടി ആദ്യ ടി20 സെഞ്ച്വറി സ്വന്തമാക്കുക. ഗ്രൗണ്ടില്‍ നൂറ് ശതമാനം വിനിയോഗിക്കുന്ന തനിക്ക് ആ ആനുഭവം ഏറെ ആത്മവിശ്വാസവും ഊർജവും പകർന്നു നല്‍കിയെന്നും റെയ്‌ന കുറിച്ചു.
അതേസമയം കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളില്‍ തന്നാല്‍ ആകുന്നതെല്ലാം റെയ്‌ന ചെയ്യുന്നുണ്ട്. 52 ലക്ഷം രൂപയാണ് താരം ഇതിനകം സംഭാവന ചെയ്‌തത്. 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും 21 ലക്ഷം രൂപ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കിയത്.