വാംഖഡെയില്‍ ഇന്ത്യൻ മധ്യനിര തകർന്നു; ഓസീസിന് ജയിക്കാൻ 256
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 255ന് ഓൾ ഔട്ടായി. ഓസീസ് ബൗളർമാർ കളിയുടെ തുടക്കം മുതല്‍ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റിങ് മന്ദഗതിയിലായിരുന്നു. ശിഖർ ധവാൻ 74 റൺസെടുത്ത് പുറത്തായി. മിച്ചല്‍ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസും കെയ്ൻ റിച്ചാഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈ; നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമയും നിരാശപ്പെടുത്തി. ശ്രേയസ് അയ്യരും പന്തും വലിയ ഇന്നിംഗ്സിന് കാത്തുനില്‍ക്കാതെ മടങ്ങി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ബാറ്റിങ് വിരുന്ന് കാണാനെത്തിയവർക്ക് ഓസ്ട്രേലിയയുടെ അച്ചടക്കമുള്ള ബൗളിങാണ് കാണാനായത്. ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസിന് ജയിക്കാൻ 256 റൺസ് വേണം.
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 255ന് ഓൾ ഔട്ടായി. ഓസീസ് ബൗളർമാർ കളിയുടെ തുടക്കം മുതല്‍ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റിങ് മന്ദഗതിയിലായിരുന്നു. രോഹിത് ശർമ്മ പത്തു റൺസുമായി പുറത്തായെങ്കിലും ശിഖർ ധവാനും ലോകേഷ് രാഹുലും ചേർന്ന് രണ്ടാം വിക്കറ്റില്‍ സ്കോർ ഉയർത്തി.
കോലിക്ക് പകരം വൺഡൗണായി എത്തിയ രാഹുല്‍ അർദ്ധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ പുറത്തായതോടെയാണ് ഇന്ത്യയുടെ തകർച്ച തുടങ്ങിയത്. കോലി 16 റൺസിനും ശ്രേയസ് അയ്യർ നാല് റൺസിനും കൂടാരം കയറി. ശിഖർ ധവാൻ 74 റൺസെടുത്ത് പുറത്തായി. ധവാനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. റിഷഭ് പന്തും രവീന്ദ്രജഡേജയും ചേർന്ന് രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇരുവരും യഥാക്രമം 28, 25 റൺസുകളില്‍ പുറത്തായി.
അവസാന ഓവറുകളില്‍ കുല്‍ദീപ് യാദവ് (17), ശാർദുല്‍ താക്കൂർ (13), ഷമി (10) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസും കെയ്ൻ റിച്ചാഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആഡം സാംപ, ആഷ്റ്റൺ അഗർ എന്നിവർ ഓരോ വിക്കറ്റും നേടി. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്.