കേരളം

kerala

ETV Bharat / sports

രാജ്യത്തിന് വേണ്ടി ഇനിയും കളിക്കാന്‍ ആഗ്രഹം: ശ്രീശാന്ത്

2021-ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കുകയാണെങ്കില്‍ ആ ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത്

ശ്രീശാന്ത് വാര്‍ത്ത  ടീം ഇന്ത്യ വാര്‍ത്ത  sreesanth news  team india news
ശ്രീശാന്ത്

By

Published : Jun 20, 2020, 10:33 PM IST

ന്യൂഡല്‍ഹി:അവസരം ലഭിക്കുകയാണെങ്കില്‍ രാജ്യത്തിന് വേണ്ടി ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. വാതുവെപ്പുമായി ബന്ധപ്പെട്ട വിലക്ക് സെപ്റ്റംബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ രഞ്ജി ട്രോഫിക്കുള്ള കേരളാ ടീമില്‍ കെസിഎ ശ്രീശാന്തിന് അവസരം നല്‍കിയിരുന്നു.

അതേസമയം മത്സരക്കാന്‍ വേണ്ടിയല്ല താന്‍ ടീമിലേക്ക് തിരിച്ചെത്തുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനും തന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനും വേണ്ടിയാണ്. അപ്പോള്‍ സെലക്ടര്‍മാര്‍ ഒരു അവസരം തരുകയാണെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിക്കൂടെന്നും അദ്ദേഹം ചോദിച്ചു. 2021-ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കുകയാണെങ്കില്‍ ആ ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

വാതുവെപ്പുമായി ബന്ധപ്പെട്ട് 2013 മുതല്‍ ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റില്‍ നിന്നും വിലക്കിയിരിക്കുകയാണ്. വാതുവെപ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചെന്ന് ആരോപിച്ച് രാജസ്ഥന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ശ്രീശാന്തിനെതിരായ കുറ്റങ്ങളില്‍ തെളിവില്ലെന്ന് കണ്ടെത്തിയ പാട്യാല കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറായില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി ചുരുക്കി. ഈ വിലക്കാണ് ഇപ്പോള്‍ സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കുന്നത്. നിലവില്‍ ശ്രീശാന്തിന് 37 വയസായി. എങ്കിലും താരത്തെ രഞ്ജി ട്രോഫിക്കുള്ള കേരളാ ടീമിലേക്ക് പരഗണിക്കുമെന്ന് അടുത്തിടെ പരിശീലകന്‍ ടിനു യോഹന്നാന്‍ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details