ബിർമിങ്ഹാം:ലോകകപ്പിലെ നിർണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 28 റൺസിന്‍റെ ജയം. ജയത്തോടെ ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 316 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48 ഓവറില്‍ 286 റൺസിന് പുറത്താവുകയായിരുന്നു. അവസാന ഓവറുകളില്‍ ജസ്പ്രീത് ബുമ്രയുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയോട് പൊരുതി നില്‍ക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞു. ഷാക്കീബ് അല്‍ ഹസൻ, മുഹമ്മദ് സൈഫുദ്ദീൻ എന്നിവർ ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 74 പന്തില്‍ നിന്ന് 66 റൺസെടുത്താണ് ഷാക്കീബ് പുറത്തായത്. 51 റൺസെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് സൈഫുദ്ദീൻ പൊരുതി നോക്കിയെങ്കിലും വാലറ്റത്തെ ബുമ്രയെ എറിഞ്ഞിടുകയായിരുന്നു. സൗമ്യ സർക്കാർ(33), സബീർ റഹ്‌മാൻ(36) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോൾ 36 റൺസായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാല്‍ കോഹ്‌ലി തന്‍റെ വിശ്വസ്‌തനായ ബൗളറെയാണ് ബംഗ്ലാദേശിനെ തകർക്കാൻ ഇറക്കിയത്. ബുമ്രയുടെ ആദ്യ നാല് പന്തില്‍ ഏഴ് റൺസ് ബംഗ്ലാദേശ് നേടിയെങ്കിലും അവസാന രണ്ട് പന്തുകളില്‍ വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാ കടുവകളെ മടക്കി അയച്ചു. പത്ത് ഓവറില്‍ 55 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഹാർദ്ദിക് പാണ്ഡ്യ മൂന്നും ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ചാഹല്‍ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. .