ന്യൂഡല്‍ഹി: സമൂഹത്തെ ഒരുമിപ്പിച്ച് നിർത്താനുള്ള കഴിവ് കായിക രംഗത്തിനുണ്ടെന്ന് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ഡേലയുടെ വാക്കുകളാണ് ലോകത്തെ ഇത് ഓർമിപ്പിക്കാനായി സച്ചിന്‍ ഉപയോഗിച്ചതെന്ന പ്രത്യേകതയുമുണ്ട്. മണ്ഡേലയുടെ വാക്കുകൾ കടം കൊണ്ട് ട്വീറ്റ് ചെയ്‌താണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തിനെതിരെ സച്ചിന്‍ പ്രതികരിച്ചത്. നെല്‍സണ്‍ മണ്ഡേല ഒരിക്കല്‍ പറഞ്ഞു എന്ന് കുറിച്ച് കൊണ്ടാണ് സച്ചിന്‍റെ ട്വീറ്റ് ആരംഭിക്കുന്നത്. ലോകത്തെ മാറ്റിമറിക്കാനുള്ള ശേഷി കായിക രംഗത്തിനുണ്ട്. മറ്റൊന്നിനും സാധിക്കാത്ത വിധത്തില്‍ അത് ലോകത്തെ ഒരുമിപ്പിക്കും. എത്ര വിവേകം നിറഞ്ഞ വാക്കുകൾ സച്ചിന്‍ കുറിച്ചു. ഫ്ലോയിഡ് സംഭവത്തില്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐസിസി പങ്കുവെച്ച വീഡിയോയും സച്ചിന്‍ ട്വീറ്റിനൊപ്പം ചേർത്തു.
ലോകത്തെ മാറ്റിമറിക്കാന്‍ കായിക മേഖലക്ക് കഴിയും: ഫ്ലോയിഡ് സംഭവത്തില്‍ സച്ചിന്‍
ജോർജ് ഫ്ലോയിഡ് സംഭവത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ഡേലയുടെ വാക്കുകൾ കടംകൊണ്ടാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം
ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോർജ് ഫ്ലോയിഡിനെ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഡെരക് ഷൗെ കാല്‍മുട്ട് കൊണ്ട് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴാണ് പ്രതികരണവുമായി സച്ചിനടക്കുമുള്ള താരങ്ങൾ രംഗത്ത് വന്നത്. നേരത്തെ സംഭവത്തില്‍ ഐസിസിയും ഫിഫയും ഉൾപ്പെടെയുള്ള സംഘടനകളും പ്രതികരണം നടത്തിയിരുന്നു. വൈവിധ്യങ്ങളില്ലാത്ത ലോകത്ത് ക്രിക്കറ്റിന് നിലനില്‍പ്പില്ലെന്ന് ഐസിസിയുടെ പ്രതികരണം. 2019-ലെ ഏകദിന ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ ആഹ്ലാദ പ്രകടനം ഉൾപ്പെടെയായിരുന്നു ഐസിസിയുടെ ട്വീറ്റ്. വൈവിധ്യങ്ങളില്ലെങ്കില്‍ ഒന്നിന്‍റെയും പൂർണരൂപം നിങ്ങൾക്ക് മനസിലാക്കാനാകില്ലെന്നും ഐസിസി ട്വീറ്റില്‍ കുറിച്ചു.