ഹൈദരാബാദ്: പുതുവർഷ ദിനത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ട്വീറ്റിലൂടെ ലോകത്തിന്‍റെ ഹൃദയം കവർന്ന മന്ദാറാമിന് അപ്രതീക്ഷിത സമ്മാനവുമായി സച്ചിന്‍. ക്രിക്കറ്റിന്‍റെ ദൈവം അവന് കളിക്കാന്‍ ക്രിക്കറ്റ് കിറ്റാണ് സമ്മാനിച്ചത്. ക്രിക്കറ്റ് കളിക്കാന്‍ പ്രചോദിപ്പിച്ചുകൊണ്ടുള്ള സച്ചിന്‍റെ ഒപ്പോടുകൂടിയ ഒരു കത്തും മന്ദാറാമിന് ലഭിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്ന് സമ്മാനമായി കിട്ടിയ ബാറ്റ് നെഞ്ചോട് ചേർത്ത് കുഞ്ഞു മന്ദാറാം പറഞ്ഞു. ഭിന്നശേഷിക്കാരനായ തന്‍റെ പരിമിതികളെ മറികടക്കാന്‍ ഈ സമ്മാനം സഹായിക്കും. എറെ ആസ്വദിച്ചാണ് കഴിഞ്ഞ കുറേ കാലമായി ക്രിക്കറ്റ് കളിക്കുന്നതെന്നും അവന്‍ പറഞ്ഞു.
സച്ചിന്‍ മന്ദാറാമിന് അയച്ച കത്ത് ഛത്തീസ്‌ഗഡിലെ നക്‌സല്‍ ബാധിത പ്രദേശമായ ദന്തേവാഡയില്‍ നിന്നുള്ള ഭിന്നശേഷിക്കാരനായ മന്ദാറാം പരിമിതികളെ മറികടന്ന് ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങളായിരുന്നു നേരത്തെ മാസ്‌റ്റർ ബ്ലാസ്‌റ്റർ പങ്കുവെച്ചത്. '2020 പ്രചോദനം നിറഞ്ഞ ഈ ദൃശ്യം കണ്ട് തുടങ്ങൂ' എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്.
കുരുന്നുകൾ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷോട്ട് ഉതിര്‍ത്ത് ബാറ്റ്‌സ്‌മാന്‍ റണ്ണിനായി നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടി വരുമ്പോഴാണ് ഹൃദയം നുറുങ്ങുക. ഇരുകാലുകളും തളര്‍ന്ന മന്ദാറാം കൂട്ടുകാര്‍ക്കൊപ്പം ക്രീസിലൂടെ നിരങ്ങി നീങ്ങി റണ്‍സെടുക്കുന്നു. ക്രിക്കറ്റ് കളിക്കാന്‍ അതൊരു പരിമിതിയേ അല്ല എന്ന് തെളിയിച്ചുകൊണ്ട്. മണ്ണില്‍ കൈ കുത്തി രണ്ട് കാലുകളും കൊണ്ട് നിരങ്ങി നീങ്ങും. ഡെലിവറി നേരിടുന്നതും ഇരുന്നു കൊണ്ടാണ്. ബാറ്റ്‌സ്‌മാന്‍ ഷോട്ട് ഉതിര്‍ക്കുന്നതിന് മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് അവന്‍ ഓടി തുടങ്ങും. അവന്‍ നിങ്ങളുടെ ഹൃദയം തൊടുമെന്ന് സച്ചിന്‍ ട്വീറ്റിലൂടെ ഉറപ്പിച്ചു പറഞ്ഞു. അത് യാഥാർഥ്യമായി.
സമ്മാനം സ്വന്തമാക്കിയ മന്ദാറാം സച്ചിനെ തന്‍റെ നന്ദി അറിയിക്കാനും മറന്നില്ല. നേരത്തെ സച്ചിന്‍ വീഡിയോ പങ്കുവെച്ച ശേഷം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി ബാലന് ക്രിക്കറ്റ് കിറ്റും മുച്ചക്ര സൈക്കിളും സമ്മാനിച്ചിരുന്നു. സാധാരണ ഗതിയില്‍ വീല്‍ചെയറിന്‍റെയും മുച്ചക്ര സൈക്കിളിന്‍റെയും സഹായത്തോടെ സഞ്ചരിക്കുന്ന ഈ ഭിന്നശേഷിക്കാരന് ക്രിക്കറ്റ് എന്നും ആവേശമാണ്. അതാണ് ഏഴാം ക്ലാസ് വിദ്യാർഥിയായ ഈ മിടുക്കന് കഴിഞ്ഞ രണ്ട് വർഷമായി ഗ്രൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കരുത്ത് നല്‍കിയത്.