സെഞ്ചൂറിയന്‍: ഒരു ടെസ്‌റ്റ് മത്സരത്തിന്‍റെ ആദ്യത്തെ പന്തില്‍ പുറത്താകുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാനായി ഡീന്‍ എല്‍ഗർ. സെഞ്ചൂറിയനില്‍ ആരംഭിച്ച ഇംഗ്ലണ്ടിെനതിരായ ടെസ്‌റ്റ് പരമ്പരിയിലാണ് ഒരു ബാറ്റ്സ്‌മാന്‍ ആവശ്യമില്ലാത്ത ഈ റെക്കോഡ് എല്‍ഗറിനെ തേടിയെത്തിയത്. 150-ാം ടെസ്‌റ്റ് മത്സരം കളിക്കുന്ന ഇംഗ്ലീഷ് പേസ് ബോളർ ജെയിംസ് ആന്‍ഡേഴ്‌സണിന്‍റെ പന്തിലാണ് എല്‍ഗർ പുറത്തായത്.
ടെസ്റ്റിലെ ആദ്യ പന്തില്‍ പുറത്ത്; നാലാമത്തെ പോർട്ടീസ് ബാറ്റ്സ്‌മാനായി എല്‍ഗർ
150-ാം ടെസ്‌റ്റ് മത്സരം കളിക്കുന്ന ഇംഗ്ലണ്ട് പേസ് ബോളർ ജെയിംസ് ആന്‍റേഴ്‌സണാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണർ ഡീന്‍ എല്‍ഗറെ പുറത്താക്കിയത്
പുല്ലുനിറഞ്ഞ പിച്ചില്‍ കളിയുടെ ആദ്യ ദിവസം ബാറ്റിങ് ആരംഭിക്കുകയെന്നത് ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ മികച്ച സാങ്കേതികതയും ഏറെ ക്ഷമയും സ്വായത്തമാകണം. ദക്ഷിണാഫ്രിക്കന്‍ ഓപ്പണർ ഡീന്‍ എല്‍ഗർ ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിച്ച് മുന്നേറാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ വ്യാഴാഴ്ച്ച അത് സംഭവിച്ചില്ല. ആന്‍റേഴ്‌സണിന്‍റെ ആദ്യ പന്തില്‍ തന്നെ പോർട്ടീസ് ഓപ്പണർ എല്‍ഗാർ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കൈകളില്‍ പന്ത് എത്തിച്ചു. പിന്നാലെ തന്‍റെ 150-ാം ടെസ്റ്റ് കളിക്കുന്ന ആൻഡേഴ്‌സൺ അപ്പീൽ ചെയ്യ്തു. അമ്പയർ ബൗളർക്ക് അനുകൂലമായി ഔട്ട് വിധിക്കുകയും ചെയ്‌തു.
ഗാരി ക്രിസ്റ്റണ്‍, ജിമ്മി കുക്ക്, എഡ്ഡി ബാർലോ എന്നിവരാണ് ടെസ്‌റ്റ് മത്സരത്തിലെ ആദ്യ പന്തില്‍ പുറത്തായ മറ്റ് പോർട്ടീസ് താരങ്ങൾ. അന്താരാഷ്‌ട്ര തലത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 32-ാമത്തെ തവണ മാത്രമാണ് ആദ്യ പന്തിൽ പുറത്താവുകയെന്ന നിർഭാഗ്യകരമായ വിധി ഒരു കളിക്കാരന് അനുഭവിക്കേണ്ടി വരുന്നത്.