മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റു. മുംബൈയില്‍ നടക്കുന്ന ബോര്‍ഡിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ബിസിസിഐ വാർത്ത പുറത്തുവിട്ടത്. ബിസിസിഐയുടെ വളർച്ചയ്ക്കായി ആത്മാർഥമായി പരിശ്രമിക്കുമെന്ന് പറഞ്ഞ ഗാംഗുലി ഇന്ത്യൻ നായകൻ എന്ന നിലയില്‍ പ്രവർത്തിച്ചതുപോലെ ബിസിസിഐ അധ്യക്ഷനായും പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം പ്രതികരിച്ചു.
ബിസിസിഐയുടെ 39-ാം പ്രസിഡന്‍റാണ് ഗാംഗുലി.
കേന്ദ്രമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയായും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ സഹോദരൻ അരുൺ ധൂമൽ ട്രഷററായും ചുമതലയേറ്റു. ഉത്തരാഖണ്ഡിൽ നിന്നുള്ള മാഹിം വർമയാണ് വൈസ് പ്രസിഡന്‍റ്. കേരളത്തിന്‍റെ പ്രതിനിധി ജയേഷ് ജോർജാണ് ജോയിന്‍റ് സെക്രട്ടറി. ബിസിസിഐ ഭാരവാഹിയാകുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്. ബ്രിജേഷ് പട്ടേലാണ് ഐപിഎല്‍ ചെയര്‍മാന്‍.
എതിരില്ലാതെയാണ് പുതിയ ഭരണസമിതി അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ ഭരണ കാലാവധി. ബിസിസിഐ ഭരണഘടനയനുസരിച്ച് അടുത്ത വർഷം ജൂലൈയിൽ ഗാംഗുലി സ്ഥാനമൊഴിയേണ്ടിവരും. തുടർച്ചയായി ആറ് വർഷം ഭരണത്തിലിരുന്നവർ മാറിനിൽക്കണമെന്ന നിർദേശം അനുസരിച്ചാണിത്. ഗാംഗുലി ബിസിസിഐയുടേ തലപ്പത്തേക്ക് പോകുന്നതോടെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ടി വരും.