സൂറത്ത്:ഇന്ത്യന്‍ പേസ് ബോളർ ജസ്പ്രീത് ബൂമ്രയോട് രഞ്ജി ട്രോഫി മത്സരങ്ങൾ ഒഴിവാക്കാന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ആവശ്യപെട്ടതായി സൂചന. അന്താരാഷ്‌ട്ര ഏകദിന, ട്വന്‍റി മത്സരങ്ങളില്‍ കളിക്കുന്നതിന്‍റെ ഭാഗമായി താരത്തോട് വൈറ്റ് ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജന്‍സിയോട് പറഞ്ഞു.
ലാലാഭായി കോണ്‍ട്രാക്‌ടർ സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച ആരംഭിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ ബൂമ്ര പങ്കെടുത്തിരുന്നില്ല. കേരളത്തിനെതിരെ നടക്കുന്ന മത്സരത്തില്‍ ഗുജറാത്തിനായി താരം പന്തെറിയുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. പുറത്ത് പരിക്കേറ്റതിനെ തുടർന്ന് ഏറെ കാലമായി താരം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തെ തുടർന്നാണ് ബൂമ്ര പരിക്കേറ്റ് കളം വിട്ടത്. പരിക്ക് ഭേദമായതിനെ തുടർന്ന് താരത്തോട് ഫിറ്റ്നസ് തെളിയിക്കുന്നതിന്‍റെ ഭാഗമായി രഞ്ജി ട്രോഫി കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.