ലാഹോർ:പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മതപരമായ വിവേചനത്തെ കുറിച്ചുള്ള വെളിപ്പെടുത്തലില്‍ മലക്കംമറിഞ്ഞ് മുന്‍ പാക് പേസ് ബോളർ ഷുഹൈബ് അക്തര്‍. തന്‍റെ പ്രസ്താവന വളച്ചൊടിച്ചെന്നാണ് അക്തറിന്‍റെ വിശദീകരണം. പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് അക്തർ വിശദീകരണവുമായി രംഗത്ത് വന്നത്. ഹിന്ദു ആയതിനാല്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേറിയയോട് സഹതാരങ്ങൾ മോശമായി പെരുമാറിയിരുന്നതായാണ് അക്തർ നേരത്തെ പറഞ്ഞത്.
കനേറിയ വിഷയത്തില്‍ നിലപാട് മാറ്റി ഷുഹൈബ് അക്തർ - Danish Kaneria News
ഡാനിഷ് കനേറിയയോട് മതപരമായ വിവേചനം നടത്തിയതായ വെളിപ്പെടുത്തലില്‍ മലക്കംമറിഞ്ഞ് മുന്‍ പാകിസ്ഥാന്‍ പേസ് ബോളർ ഷുഹൈബ് അക്തർ. തന്‍റെ പ്രസ്താവന വളച്ചൊടിച്ചെന്ന് അക്തര്‍
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ വംശീയ വിവേചനമില്ല. കനേറിയയോട് അങ്ങനെ പെരുമാറിയത് ഒന്നോ രണ്ടോ കളിക്കാര്‍ മാത്രമാണ്. ഇത്തരത്തിലുള്ള കുറച്ചുപേർ ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഉണ്ടാവും. എന്നാല്‍ ഇത്തരം വിവേചനം നിലനില്‍ക്കാന്‍ പാകിസ്ഥാനിലെ സമൂഹം അനുവദിക്കില്ല. കഴിഞ്ഞ 10-15 വര്‍ഷത്തിന് ഇടയില്‍ പാക് സമൂഹം ഒരുപാട് മാറിയിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു. ഒരേ മേശയില്‍ നിന്ന് ഭക്ഷണം എടുക്കാൻ പോലും ഡാനിഷിനെ ടീം അംഗങ്ങൾ അനുവദിച്ചിരുന്നില്ലെന്ന് 'ഗെയിം ഓൺ ഹെ' എന്ന ക്രിക്കറ്റ് ഷോയിലാണ് അക്തർ വെളിപ്പെടുത്തിയത്. അക്തറിന്‍റെ വെളിപ്പെടുത്തല്‍ സത്യമാണെന്നും വിവേചനം കാണിച്ചിരുന്ന താരങ്ങളുടെ പേര് ഉടൻ വെളിപ്പെടുത്തുമെന്നും പിന്നീട് കനേറിയ പ്രതികരിച്ചിരുന്നു. കനേറിയയെ പിന്തുണച്ച് ലോകത്തെമ്പാടുമുള്ള പ്രമുഖർ ഉൾപ്പെടെ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലെത്തി.
അനില്‍ ദല്‍പതിന് ശേഷം പാക് ക്രിക്കറ്റ് ടീമിലെത്തിയ ഹിന്ദുമത വിശ്വാസിയാണ് ഡാനിഷ് കനേറിയ. 61 ടെസ്റ്റുകളില്‍ നിന്നായി 261 വിക്കറ്റുകൾ വീഴ്ത്തിയ കനേറിയ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ ആദ്യ അഞ്ച് പാക് താരങ്ങളില്‍ ഒരാളാണ്. 2009 ലെ ഒത്തുകളി വിവാദത്തെ തുടർന്നാണ് കനേറിയയുടെ കരിയർ അവസാനിച്ചത്.