ഹാമില്‍ട്ടണ്‍:അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആദ്യ ഏകദിന സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് ശ്രേയസ് അയ്യർ സെഞ്ച്വറി തികച്ചത്. നാലാമനായി ഇറങ്ങി, 107 പന്തില്‍ ഒരു സിക്‌സും 11 ഫോറും ഉൾപ്പെടെയാണ് ശ്രേയസ് അയ്യർ 103 റൺസ് നേടി പുറത്തായത്. ഏകദിന ലോകകപ്പ് മുതല്‍ ഏകദിന ടീമില്‍ നാലാം നമ്പർ ടീം ഇന്ത്യയ്ക്ക് തലവേദനയാണ്. അതിനൊരു പരിഹാരമാണ് നാലാം നമ്പറില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്ക്കുന്ന ശ്രേയസ് അയ്യർ എന്നാണ് ടീം മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍.
അയ്യരുടെ ആദ്യ സെഞ്ച്വറി; നാലാം നമ്പരില്‍ ഇന്ത്യയുടെ 'ശ്രേയസ്' - ആദ്യ സെഞ്ച്വറി വാർത്ത
ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തിലാണ് ഇന്ത്യന്‍ താരം ശ്രേയസ് അയ്യർ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആദ്യ ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്.
![അയ്യരുടെ ആദ്യ സെഞ്ച്വറി; നാലാം നമ്പരില്‍ ഇന്ത്യയുടെ 'ശ്രേയസ്' ശ്രേയസ് വാർത്ത Shreyas news ടീം ഇന്ത്യ വാർത്ത team india news ആദ്യ സെഞ്ച്വറി വാർത്ത maiden ton news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5969187-thumbnail-3x2-sereyas.jpg)
മധ്യനിരയില്‍ സ്ഥിരതയാർന്ന പ്രകടനം ടീം ആവശ്യപ്പെട്ടപ്പോൾ രണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കാനും ശ്രേയസിന് ഹാമില്‍ട്ടണില്‍ സാധിച്ചു. ശ്രേയസ് അയ്യരും നായകന്‍ വിരാട് കോലിയും ചേർന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 102 റണ്‍സ് സ്വന്തമാക്കി. പിന്നാലെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശ്രേയസും ലോകേഷ് രാഹുലും ചേർന്ന് 136 റണ്‍സ് സ്‌കോർ ബോർഡില്‍ കൂട്ടിചേർത്തു. 45.3 ഓവറില്‍ ടിം സോത്തിയുടെ പന്തില്‍ സാന്‍റ്‌നർക്ക് ക്യച്ച് വഴങ്ങിയാണ് ശ്രേയസ് പുറത്തായത്. ഏകദിന ക്രിക്കറ്റില്‍ ശ്രേയസ് ഇതിനകം ആറ് അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്.
ഹാമില്‍ട്ടണില്‍ ഇന്ത്യ ഉയർത്തിയ 348 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 11 പന്ത് ശേഷിക്കെ നാല് വിക്കറ്റിന് ജയം സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ കിവീസ് ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ അടുത്ത മത്സരം ഫെബ്രുവരി എട്ടിന് ഓക്‌ലാന്‍ഡില്‍ നടക്കും.