ലാഹോര്‍: ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഭാര്യ സാനിയാ മിര്‍സയെയും മകന്‍ ഇഷാനെയും കാണാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയൈബ് മാലികിനെ അനുവദിച്ച് പിസിബി. നേരത്തെ കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഷൊയൈബിന് ഇന്ത്യയിലായിരുന്ന സാനിയേയും മകനേയും കാണാന്‍ സാധിച്ചിരുന്നില്ല. ഈ സമയത്ത് ഷൊയൈബ് പാകിസ്ഥാനിലെ സിയാല്‍കോട്ടിലായിരുന്നു. അഞ്ച് മാസത്തോളമായി കുടുംബം ഒരുമിച്ച് കൂടിയിട്ട്.
സാനിയയെയും മകനെയും കാണാന്‍ പാക് താരം ഷൊയൈബിന് അവസരം - സാനിയ വാര്‍ത്ത
കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന് ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയെയും മകനെയും കഴിഞ്ഞ അഞ്ച് മാസത്തോളമായി കാണാന്‍ സാധിച്ചിട്ടില്ല
കുടുംബത്തോടൊപ്പം സമയം ചെലവിട്ട ശേഷം ഷൊയൈബ് ജൂലൈ 24-ന് ടീമിനൊപ്പം ചേരുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. ഷൊയൈബിന് ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം യുകെ സര്‍ക്കാരിന്റെ നയങ്ങള്‍ ഷൊയൈബിനും ബാധകമാകും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചേ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനാകൂ.
അതേസമയം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിനായി ജൂണ്‍ 28-ന് പുറപ്പെടും. ഇംഗ്ലണ്ടില്‍ എത്തുന്ന ടീം അവിടെ 14 ദിവസം ക്വാറന്റയിനില്‍ കഴിയും. ക്വാറന്റയിന്‍ കാലാവധിയില്‍ ടീം അംഗങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അനുവാദമുണ്ടാകും. മൂന്ന് വീതം ടെസ്റ്റും ടി20യുമാകും പാകിസ്ഥാന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക.