മാഞ്ചസ്റ്റര്‍: ഓപ്പണര്‍ ഷാന്‍ മസൂദിന്‍റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇംഗ്ളണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍റെ തിരിച്ചുവരവ്. ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 312 റണ്‍സെന്ന നിലയിലാണ് പാകിസ്ഥാന്‍. 150 റൺസ് നേടി പുറത്താകാതെ നില്‍ക്കുന്ന ഷാൻ മസൂദും രണ്ട് റണ്‍സെടുത്ത ഷഹീൻ അഫ്രീദിയുമാണ് ക്രീസില്‍.
ഇംഗ്ലീഷ് പേസ് ആക്രമണത്തെ മറികടന്ന മസൂദ് 17 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് സെഞ്ച്വറി സ്വന്തമാക്കിയത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പാകിസ്ഥാനി ഓപ്പണര്‍ ഇംഗ്ലണ്ടില്‍ സെഞ്ച്വറി സ്വന്തമാക്കുന്നത്. 1996ല്‍ സയ്യീദ് അന്‍വറാണ് അവസാനമായി പാകിസ്ഥാന് വേണ്ടി ഇംഗ്ലണ്ടില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍.
രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാന് തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു. അര്‍ദ്ധസെഞ്ച്വറിയോടെ 69 റണ്‍സെടുത്ത ബാബര്‍ അസമിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. പിന്നാലെ ആസാദ് ഷഫീക്കിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും വിക്കറ്റുകള്‍ നഷ്‌മായി. ഇരുവര്‍ക്കും രണ്ടക്കം കടക്കാന്‍ പോലും സാധിച്ചില്ല. പിന്നീട് എത്തിയ ഷദബ് ഖാൻ 45 റൺസെടുത്ത് പുറത്തായെങ്കിലും മസൂദിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു. ഷദബ് ഖാനും ഷാന്‍ മസൂദും ചേര്‍ന്ന് 105 റണ്‍സെന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. പിന്നീട് എത്തിയ യാസർ ഷാ അഞ്ച് റൺസോടെയും മുഹമ്മദ് അബ്ബാസ് ഗോൾഡൻ ഡക്കായും പുറത്തായി.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന്, ക്രിസ് വോക്സ് രണ്ട്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഡോം ബെസ് എന്നിവർ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഇംഗ്ലണ്ട പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് അസര്‍ അലിയും കൂട്ടരും കളിക്കുന്നത്.