സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ട്രോഫിയില്‍ വിജയത്തുടക്കത്തോടെ കേരളം. നായകൻ സച്ചിൻ ബേബിയുടെ ബാറ്റിംഗ് മികവില്‍ മണിപ്പൂരിനെ കേരളം 83 റൺസിന് തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. 16 റൺസെടുക്കവെ കേരളത്തിന് അരുൺ കാർത്തിക്കിന്‍റെയും രോഹൻ പ്രേമിന്‍റെയും വിക്കറ്റുകൾ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ വിഷ്ണു വിനോദും ഡാരില്‍.എസ്.ഫെറാരിയോയും ചേർന്ന് സ്കോർ മുന്നോട്ട് കൊണ്ടുപോയെങ്കിലും 40 റൺസ് എത്തിയപ്പോൾവിഷ്ണു വിനോദും(34)പുറത്തായി. പിന്നീട് ക്രീസിലെത്തിയ നായകൻ സച്ചിൻ ബേബിയുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന്‍റെ സ്കോർ 186ല്‍ എത്തിച്ചത്. സച്ചിൻ ബേബി 46 പന്തില്‍ നിന്ന് 75 റൺസെടുത്തു.
മണിപ്പൂരിനെ കീഴടക്കി കേരളം
75 റൺസെടുത്ത നായകൻ സച്ചിൻ ബേബിയുടെ ബാറ്റിംഗ് മികവിലാണ് കേരളത്തിന്‍റെ ജയം.
കേരള ക്രിക്കറ്റ് ടീം
മറുപടി ബാറ്റിംഗിനിറങ്ങിയ മണിപ്പൂരിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 103 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മായങ്ക് രാഘവ്(32), യഷ്പാല്‍ സിംഗ്(40) എന്നിവർ മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. കേരളത്തിന് വേണ്ടി പന്തെറിഞ്ഞ എല്ലാ ബൗളർമാരും ഓരോ വിക്കറ്റുകൾ വീതം നേടി. മൂന്ന് ഓവറില്‍ ഏഴ് റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത രോഹൻ പ്രേമാണ് ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവച്ചത്. ജയത്തോടെ കേരളത്തിന് നാല് പോയിന്‍റുകൾ ലഭിച്ചു. ഞായറാഴ്ച ആന്ധ്രയുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം.