ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റിലെ പകരം വയ്‌ക്കാനില്ലാത്ത അമരക്കാരന് ഇന്ന് 48-ാം പിറന്നാൾ. വിരമിച്ച് 12 വർഷങ്ങൾ കഴിഞ്ഞിട്ടും ആരാധകരുടെ മനസില്‍ സൗരവ് ഗാംഗുലി എന്ന ദാദ തലയുർത്തിപിടിച്ചു നില്‍ക്കുന്നുവെങ്കില്‍ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് അദ്ദേഹം ആരായിരുന്നു എന്നത് വ്യക്തം. നിലവില്‍ ബിസിസിഐ അധ്യക്ഷനായ ഗാംഗുലി കൊല്‍ക്കത്തയിലെ രാജകുടുംബത്തില്‍ 1972 ജൂലൈ എട്ടിനാണ് ജനിച്ചത്.
2000ല്‍ കോഴ ആരോപണത്തില്‍ തകർന്ന ഇന്ത്യൻ ടീമിനെ ക്രിക്കറ്റ് ദൈവമായ സച്ചിൻ ടെണ്ടുല്‍ക്കർക്ക് പോലും രക്ഷിക്കാനാവാതെ നായകസ്ഥാനം ഉപേക്ഷിച്ചപ്പോഴായിരുന്നു കൊല്‍ക്കത്തയുടെ രാജകുമാരൻ ഈ സ്ഥാനമേറ്റടുത്തത്. ഇന്ത്യൻ ടീമിന്‍റെ ആരാധകർ പോലും ടീമിനെ കൈയൊഴിഞ്ഞ സമയത്ത് തന്‍റെ ഉറച്ച തീരുമാനങ്ങളും കഠിനാധ്വാനവും കൊണ്ട് ദാദ ടീമിനെ കൈപിടിച്ചുയർത്തി.
ദാദയ്‌ക്ക് ഇന്ന് 48-ാം പിറന്നാൾ കളിക്കളത്തില്‍ തന്‍റെ സഹതാരങ്ങൾക്ക് വേണ്ടി ഏത് അറ്റം വരെ പോകാനും തയാറാകുന്ന നായകനായിരുന്ന ഗാംഗുലി സ്വന്തം നേട്ടങ്ങളെക്കാൾ ടീമിന്‍റെ നേട്ടങ്ങൾക്ക് പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ടാണ് തന്‍റെ ഓപ്പണിങ് ബാറ്റിങ് സ്ഥാനം വീരേന്ദർ സേവാഗിന് നല്‍കിയതും. ആ തീരുമാനത്തോടെ ഇന്ത്യക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്‌സ്‌മാനെയാണ്.
ദാദയ്‌ക്ക് ഇന്ന് 48-ാം പിറന്നാൾ തല്ലാൻ വരുന്നവനെ കൊല്ലുക എന്ന ശീലം തന്‍റെ കരിയറിന്‍റെ ഉടനീളം ഗാംഗുലി കൊണ്ടുനടന്നിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലോർഡ്‌സിലെ പ്രതികാരം. 2002ല്‍ നാറ്റ്‌വെസ്റ്റ് പരമ്പരയുടെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വിജയശേഷം ആൻഡ്രൂ ഫ്ലിന്‍റോഫിന് മറുപടിയായി തന്‍റെ ജേഴ്‌സിയൂരി കറക്കി ആരാധകരെ പ്രകമ്പനം കൊള്ളിച്ച ഗാംഗുലിയെ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ആരും മറക്കില്ല.
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇടംകൈയ്യൻ ബാറ്റ്‌സ്‌മാന്മാരിലൊരാൾ കൂടിയാണ് ഗാംഗുലി. അദ്ദേഹത്തിന്‍റെ ഷോട്ടുകളെല്ലാം ഗംഭീരമാണെങ്കിലും ഓഫ്‌സൈഡില്‍ നിരന്നുനില്‍ക്കുന്ന ഫീല്‍ഡർമാർക്കിടയിലൂടെ ബൗണ്ടറി നേടുന്നതിന്‍റെ ഭംഗി അതുല്യമാണ്. ഇന്ത്യക്ക് വേണ്ടി 311 ഏകദിനങ്ങളില്‍ നിന്നായി 41.0 ശരാശരിയില്‍ 11,363 റൺസും ടെസ്റ്റ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ നിന്നായി 42.2 ശരാശരിയില്‍ 7,212 റൺസും ഗാംഗുലി നേടിയിട്ടുണ്ട്.
ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യ 2003ൽ ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും കപ്പിൽ മുത്തമിടാൻ ഇന്ത്യക്ക് ഭാഗ്യമുണ്ടായില്ല. എട്ട് വർഷങ്ങൾക്കിപ്പുറം ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ നിസംശയം പറയാം ആ സ്വപ്‌നസാക്ഷാത്കാരത്തിലേക്കുള്ള വഴി ആരംഭിക്കുന്നത് ദാദയിൽ നിന്നുമാണ്.
2008ൽ ഓസ്‌ട്രേലിയക്കെതിരെ തന്‍റെ അവസാന മത്സരവും കളിച്ച് പാഡഴിക്കുമ്പോൾ ഗാംഗുലി നമുക്ക് നൽകുന്നൊരു പാഠമുണ്ട്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൂടെയുണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യത്തെയും നമുക്ക് അനുകൂലമാക്കി മാറ്റാൻ കഴിയുമെന്ന്.