മുംബൈ: ഇന്ത്യ -വെസ്‌റ്റിന്‍ഡീസ് ട്വന്‍റി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ സന്ദർശകർ ഇന്ത്യയെ ബാറ്റിങിന് അയച്ചു. വെസ്റ്റിൻഡീസിന് എതിരായ മൂന്നാമത്തെ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണെ അവസാന ഇലവനില്‍ ഉൾപ്പെടുത്തിയിട്ടില്ല.
സഞ്ജുവില്ലാതെ മൂന്നാം ടി-20 വാംഖഡെയില്‍; ഇന്ത്യ ബാറ്റ് ചെയ്യുന്നു
മലയാളി താരം സഞ്ജു സാംസണ് അവസാന ടി-20യിലും അവസരം ലഭിച്ചില്ല. ജഡേജയ്ക്കും ചാഹലിനും പകരം കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ടീമിലെത്തി.
ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ഹൈദരാബാദില്‍ പുറത്തെടുത്ത മികച്ച പ്രകടനം തിരുവനന്തപുരത്ത് ആവർത്തിക്കാനായില്ലെന്നത് കോലിക്കും കൂട്ടർക്കും വെല്ലുവിളിയാണ്. ഫീല്‍ഡിങ്ങിലെ പോരായ്മകളും ഓപ്പണർമാർ തിളങ്ങാത്തതും ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ആദ്യ മത്സരത്തിലെ റെക്കോർഡ് റണ്‍ ചേസിലെ മികവ് തിരുവനന്തപുരത്ത് നടന്ന രണ്ടാമത്തെ മത്സരത്തില്‍ സ്‌കോർ പ്രതിരോധിക്കേണ്ട സാഹചര്യത്തില്‍ ടീം കൈവിട്ടത് കോലിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പേസ് ബൗളർമാരായ ഭുവനേശ്വർ കുമാറിന്‍റെയും ദീപക് ചാഹറിന്‍റെയും മോശം പ്രകടനവും ഇന്ത്യയെ വലക്കുന്നുണ്ട്.
അതേസമയം തിരുവനന്തപുരത്തെ നിറഞ്ഞ ഗാലറിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് കരീബിയന്‍സ് മുംബൈയില്‍ കളിക്കാന്‍ ഇറങ്ങുന്നത്. ഓപ്പണർമാരായ ലെൻഡൽ സിമ്മൺസും എവിൻ ലൂയിസും മികച്ച പ്രകടനമാണ് ഇതുവരെയുള്ള ഇരു കളികളിലും പുറത്തെടുത്തത്. ഷിംറോൺ ഹെറ്റ്മെയറും നിക്കൊളാസ് പുരാനും ഉൾപ്പെടുന്ന മധ്യനിരയും പരമ്പര സ്വന്തമാക്കാന്‍ പ്രാപ്തിയുള്ളവരാണ്. നായകന്‍ കീറോണ്‍ പൊള്ളാർഡ് കൂടി ചേരുമ്പോൾ കരീബിയന്‍സ് ശക്തമായ നിലയിലാകും.