ലണ്ടൻ: ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ശിഖർ ധവാനെ ഉടനെ ടീമില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാർ. ധവാൻ നിരീക്ഷണത്തിലാണെന്നും 10-12 ദിവസത്തിനുള്ളില്‍ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബംഗാർ വ്യക്തമാക്കി.
ധവാന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനില്ല: സഞ്ജയ് ബംഗാർ - ലോകകപ്പ്
ധവാന്‍റെ അഭാവത്തില്‍ ന്യൂസിലൻഡിനെതിരായ മത്സരത്തില്‍ കെ എല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. റിസർവ് താരമായി റിഷഭ് പന്ത് ടീമിനൊപ്പം ഉടൻ ചേരുമെന്നും ഇന്ത്യൻ ബാറ്റിങ് പരിശീലകൻ.
ധവാന് പരിക്കേറ്റതിനാല്‍ സ്വഭാവികമായും കെ എല്‍ രാഹുല്‍, രോഹിത് ശർമ്മക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. നാലാം നമ്പറില്‍ കളിക്കാൻ ഇന്ത്യക്ക് ഒന്നിലധികം ബാറ്റ്സ്മാന്‍മാര്‍ ഉണ്ടെന്നും ബംഗാർ പറഞ്ഞു. ധവാന് കരുതല്‍ താരമെന്ന നിലയില്‍ റിഷഭ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ഉടൻ ചേരും. എന്നാല്‍ ധവാന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായ ശേഷം മാത്രമേ പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കുകയുള്ളൂ. ഏതാനും മത്സരങ്ങൾ നഷ്ടമായാലും ധവാന് ടൂർണമെന്‍റില്‍ തുടർന്നും കളിക്കാനാവുമോ എന്നാണ് ടീം മാനേജ്മെന്‍റ് നോക്കുന്നത്. വിജയ് ശങ്കർ, ദിനേഷ് കാർത്തിക് എന്നിവരില്‍ ഒരാളാകും നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുക.