ന്യൂഡല്‍ഹി:ഉമിനീർ വിലക്ക് ഇടക്കാലത്തേക്കെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അനില്‍ കുംബ്ലെ. ആഗോള തലത്തില്‍ കൊവിഡ് 19 നിയന്തണത്തിലാകുന്നത് വരെ മാത്രമെ വിലക്ക് ഉണ്ടാകൂ. ഒരിക്കല്‍ കൊവിഡ് 19 നിയന്തണത്തിലായി കഴിഞ്ഞാല്‍ ഇത് അവസാനിപ്പിക്കും. ഏറ്റവും ചുരുങ്ങിയത് ഒരു വർഷത്തിനുള്ളില്‍ വൈറസിനെ നിയന്ത്രണത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ക്രിക്കറ്റ് സാധാരണ രൂപം കൈവരിക്കുമെന്നും അനില്‍ കുംബ്ലെ പറഞ്ഞു.
നേരത്തെ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി കമ്മിറ്റിയാണ് ഉമിനീർ വിലക്കിന് ശുപാർശ ചെയ്‌തത്. ഇതേ തുടർന്ന് ഐസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്‌റ്റാന്‍റേഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ ഉമിനീർ വിലക്കുമായി ബന്ധപ്പെട്ട് നിർദേശങ്ങളുണ്ടായിരുന്നു. കളിയുടെ ഭാഗമായി ഉമിനീരെടുത്ത് പന്തില്‍ പുരട്ടി തിളക്കം വർധിപ്പിക്കരുതെന്നാണ് ഐസിസി എസ്‌ഒപിയിലൂടെ വ്യക്തമാക്കിയത്.