ഹൈദരാബാദ്:ഉമിനീര്‍ വിലക്കിന്‍റെ പശ്ചാത്തലത്തില്‍ പന്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാന്‍ മെഴുക് ഉപയോഗിക്കണമെന്ന ആശയം പങ്കുവെച്ച് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കേമര്‍ റോച്ച്. ടെസ്റ്റ് മത്സരങ്ങളില്‍ 50 ഓവറുകളുടെ ഇടവേളകളില്‍ പുതിയ പന്ത് ഉപയോഗിക്കുകയെന്ന ആശയവും പരിഗണിക്കാം. ഇതു വഴി മത്സരത്തില്‍ ബാറ്റും ബോളും തമ്മിലുള്ള സന്തുലനാവസ്ഥ നിലനിര്‍ത്താനാകും. ബൗളേഴ്‌സിന് പരിഗണന ലഭിച്ചില്ലെങ്കില്‍ മത്സരം ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായി മാറുമൊ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഉമിനീര്‍ വിലക്ക് എത്രത്തോളം കളിയെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കേമര്‍ റോച്ച് കൂട്ടിച്ചേര്‍ത്തു.
പന്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാന്‍ മെഴുക് ഉപയോഗിക്കാമെന്ന് കേമര്‍ റോച്ച് - ഉമിനീര്‍ വിലക്ക് വാര്‍ത്ത
കൊവിഡ് 19 കാരണം കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിശ്ചലമായ അന്താരാഷ്ട്ര ക്രിക്കറ്റ് ജൂലൈ എട്ടിന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ വീണ്ടും സജീവമാകും
കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഐസിസി ഇതിനകം ഉമിനീര്‍ വിലക്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന് കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ഉമിനീര്‍ വിലക്ക് ലംഘിക്കുന്നവര്‍ക്ക് താക്കീത് നല്‍കി വിടാനാണ് ഐസിസി നിര്‍ദേശം. അതിന് ശേഷം ടീമിന് താക്കീത് ലഭിക്കും. ഒരു ഇന്നിങ്‌സില്‍ ഇത്തരത്തില്‍ രണ്ട് താക്കീതാണ് ലഭിക്കുക. എന്നാല്‍ തുടര്‍ന്നും വിലക്ക് ലംഘിക്കുന്ന പക്ഷം അഞ്ച് റണ്‍സ് പിഴയായി വിധിക്കും. ഉമിനീരെടുത്ത് പുരട്ടുമ്പോഴെല്ലാം പന്ത് വൃത്തിയാക്കാനും ഐസിസി അമ്പയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് 19 കാരണം കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ ജൂലൈ എട്ടിന് പുനരാരംഭിക്കും. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെയാണ് ക്രിക്കറ്റ് ലോകം വീണ്ടും സജീവമാകുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിന് സതാംപ്റ്റണ്‍ വേദിയാകും.