ന്യൂഡല്‍ഹി: കൊവിഡ് 19-നെ തുടർന്ന് പ്രതിസന്ധിയിലായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൂർത്തീകരിക്കാന്‍ ഉപായവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. ഒളിമ്പിക്‌സിന്‍റെ പാത പിന്തുടർന്ന് ലോഡ്‌സില്‍ നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരം മാറ്റിവെക്കണമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ 2021 ജൂണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പന്‍ഷിപ്പിന്‍റെ ഫൈനല്‍ മത്സരം നടക്കേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അസാധ്യമായി മാറിയിരിക്കുകയാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൂർത്തീകരിക്കാന്‍ ഉപായവുമായി സച്ചിന്‍ - ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വാർത്ത
ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയാല്‍ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൂർത്തിയാക്കാന്‍ സാധിക്കുമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കർ. ലോക ക്രിക്കറ്റില്‍ 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഏക താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്

അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി 2020 ലെ ടോക്കിയോ ഒളിമ്പിക്‌സ് 2021-ലേക്ക് മാറ്റി. എന്നാല്‍ അവർ ഇപ്പോഴും ടോക്കിയോ 2020 എന്നാണ് അതിനെ വിളിക്കുന്നത്. സമാന രീതിയില്‍ ചില ക്രിമീകരണങ്ങളും കൂട്ടിച്ചേർക്കലും നടത്തിയാല്‍ ഐസിസിയുടെ ആദ്യത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും അസ്വാരസ്യങ്ങില്ലാതെ നടത്താന്‍ സാധിക്കും. അതിലൂടെ ഈ ചാമ്പ്യന്‍ഷിപ്പ് ഭാവിയിലും തടസങ്ങളില്ലാതെ തുടരാന്‍ സാധിക്കും.
അതേസമയം ചാമ്പ്യന്‍ഷിപ്പ് ആദ്യം മുതല്‍ തുടങ്ങുക അത്ര എളുപ്പമല്ല. കൂടാതെ ഒന്ന് തുടങ്ങിവെച്ചാല്‍ അത് നല്ല രീതിയില്‍ അവസാനിപ്പിക്കണം. അതിനാല്‍ തന്നെ എല്ലാവർക്കും അവസരം നല്‍കണം. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും കളിക്കണം. നിലവിലെ പര്യടനങ്ങൾ നീട്ടിവെക്കുന്നതിലൂടെ ചാമ്പ്യന്‍ഷിപ്പും നീട്ടിവെക്കാന്‍ സാധിക്കുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.