കേരളം

kerala

ETV Bharat / sports

റൺ കൊടുങ്കാറ്റായി ആന്ദ്രേ റസല്‍: തളയ്ക്കാൻ ഇന്ന് രാജസ്ഥാനിറങ്ങുന്നു - കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സ്

മത്സരം ജയ്പൂരില്‍ രാത്രി എട്ട് മണിക്ക്. രണ്ടാം ജയം തേടി രാജസ്ഥാൻ റോയല്‍സ്.

രഹാനെയും കാർത്തിക്കും

By

Published : Apr 7, 2019, 5:49 PM IST

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ രാജസ്ഥാൻ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട രാജസ്ഥാൻ ബാംഗ്ലൂരിനെതിരായ നാലാം മത്സരത്തിലൂടെ വിജയവഴിയിലേക്ക് എത്തിയിരുന്നു. കരുത്തരായ കൊല്‍ക്കത്തയെ സ്വന്തം തട്ടകത്തില്‍ നേരിടുമ്പോൾ വിജയത്തില്‍ കുറഞ്ഞതൊന്നും രാജസ്ഥാൻ ലക്ഷ്യമിടുന്നില്ല. മറുവശത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആന്ദ്രേ റസ്സലിന്‍റെ വെടിക്കെട്ടില്‍ തകർപ്പൻ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

കളിച്ച നാല് മത്സരങ്ങളില്‍ നിന്നും 103.50 ശരാശരിയില്‍ 207 റൺസ് നേടിയ റസ്സല്‍ തന്നെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ കരുത്ത്. 268.33 സ്ട്രൈക്ക് റേറ്റുള്ള റസ്സല്‍ ഇതുവരെ 22 സിക്സുകളാണ് പറത്തിയത്. മത്സരഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാൻ കഴിയുമെന്ന് കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് റസ്സല്‍ തെളിയിച്ചു കഴിഞ്ഞു. ബാറ്റിംഗില്‍ ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, നീതീഷ് റാണ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബൗളർമാരായ പ്രസീദ് കൃഷ്ണ, ലോക്കീ ഫെർഗൂസൻ, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള എന്നിവർ ടീമില്‍ സ്ഥാനം നിലനിർത്തും.

ബാംഗ്ലൂരിനെതിരെ വിജയം നേടിയ ടീമില്‍ രാജസ്ഥാൻ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇന്ന് ടീമില്‍ തിരിച്ചെത്തിയേക്കും. വരുൺ ആരോൺ, സ്റ്റുവാർട്ട് ബിന്നി എന്നിവരിലൊരാളെ ഒഴിവാക്കിയാല്‍ മാത്രമേ സഞ്ജുവിന് ടീമില്‍ തിരിച്ചെത്താൻ കഴിയൂ. ഓപ്പണർമാരായ രഹാനെയും ബട്ലറും രാജസ്ഥാന് മികച്ച തുടക്കം നല്‍കാൻ കഴിയുന്നവരാണ്. മധ്യനിരയില്‍ സ്റ്റീവ് സ്മിത്ത്, രാഹുല്‍ ത്രിപാതി, ബെൻ സ്റ്റോക്ക്സ് എന്നിവർ ടീമില്‍ സ്ഥാനം നിലനിർത്തും. രാജസ്ഥാൻ കോടികൾ മുടക്കി സ്വന്തമാക്കിയ ജയ്ദേവ് ഉനദ്ഘട്ടിന് ഇന്നും അവസരം നല്‍കിയേക്കില്ല. ധവാല്‍ കുല്‍ക്കർണി, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാല്‍, കൃഷ്ണപ്പ ഗൗതം എന്നിവരാണ് രാജസ്ഥാന്‍റെ മറ്റ് ബൗളർമാർ.

19 മത്സരങ്ങളില്‍ രാജസ്ഥാനും കൊല്‍ക്കത്തയും ഏറ്റുമുട്ടിയപ്പോൾ ഇരുവരും ഒമ്പത് മത്സരങ്ങൾ വീതം ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റ് നേടിയ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തും രണ്ട് പോയിന്‍റ് നേടിയ രാജസ്ഥാൻ ഏഴാം സ്ഥാനത്തുമാണ്.

ABOUT THE AUTHOR

...view details