വെല്ലിങ്ടണ്‍: ഇന്ത്യക്ക് എതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ എല്ലാ മേഖലകളിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്ന് ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍ റോസ് ടെയ്‌ലർ. ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി വെല്ലിങ്ടണില്‍ ഫെബ്രുവരി 21-ന് നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലിങ്ടണില്‍ മത്സരിക്കുന്നതോടെ ടെയ്‌ലർ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന കിവീസ് താരമായി മാറും. ചെറുപ്പം മുതലെ ഏറെ ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നതെന്ന് ടെയ്‌ലർ പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്നത് ഒരു ജോലിയായിട്ടല്ല കാണുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അജയ്യരായി മുന്നേറുന്ന ടീമാണ് ഇന്ത്യ. കോലിക്കും കൂട്ടർക്കും എതിരെ ജയിക്കാന്‍ മികച്ച കളി പുറത്തെടുക്കണമെന്നും റോസ് ടെയ്‌ലർ പറഞ്ഞു.
ഇന്ത്യക്ക് എതിരെ ജയിക്കാന്‍ മികച്ച പ്രകടനം പുറത്തെടുക്കണം: റോസ് ടെയ്‌ലർ - റോസ് ടെയ്‌ലർ വാർത്ത
ഫെബ്രുവരി 21-ന് ആരംഭിക്കുന്ന വെല്ലിങ്ടണ്‍ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ ഉൾപ്പെട്ടാല്‍ 100 ടെസ്റ്റുകൾ കളിക്കുന്ന ന്യൂസിലൻഡ് താരമായി റോസ് ടെയ്‌ലർ മാറും
ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ടീം ഇന്ത്യ ന്യൂസിലന്‍ഡില്‍ ടെസ്റ്റ് മത്സരം കളിക്കുന്നത്. നിലവില്‍ ചാമ്പ്യന്‍ഷിപ്പിലെ റാങ്കിങ്ങില്‍ ടീം ഇന്ത്യ 360 പോയിന്‍റുമായി ഒന്നാമതാണ്. ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഇതേവരെ കളിച്ച എല്ലാ പരമ്പരകളും ടീം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ന്യൂസിലന്‍ഡ് റാങ്കിങ്ങില്‍ 60 പോയിന്‍റുമായി ആറാമതാണ്.
ഇതിനകം 99 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ടെയ്‌ലർ 7174 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 290 റണ്‍സാണ് താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോർ. പെർത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ടെസ്‌റ്റ് മത്സരത്തിലാണ് താരം ഉയർന്ന സ്കോർ സ്വന്തമാക്കിയത്. ടെസ്റ്റില്‍ 19 സെഞ്ച്വറികളും 33 അർദ്ധ സെഞ്ച്വറികളും 35 വയസുള്ള താരത്തിന്‍റെ പേരിലുണ്ട്. 2007ല്‍ ജോഹന്നാസ്ബർഗില്‍ ദക്ഷിണാഫ്രിക്കെതിരെയാണ് താരം ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറിയത്.