രാജ്കോട്ട്: ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 7,000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയെയും മറികടന്നാണ് ഓസ്‌ട്രേലിയക്ക് എതിരെ രാജ്കോട്ടില്‍ നടന്ന ഏകദിനത്തില്‍ ഹിറ്റ്മാന്‍ രോഹിത് ശർമ ഈ റെക്കോഡ് സ്വന്തമാക്കിയത്. 137 ഏകദിനങ്ങളില്‍ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. രണ്ടാം സ്ഥാനത്തുള്ള ഹാഷിം ആംല 147 ഏകദിനങ്ങളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള സച്ചിന്‍ 160 ഏകദിനങ്ങളില്‍ നിന്നാണ് 7,000 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയത്. 7,000 റണ്‍സ് ക്ലബില്‍ കയറുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്സ്‌മാനാണ് ഹിറ്റ്മാന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് പുറമെ സൗരവ് ഗാംഗുലിയും വീരേന്ദര്‍ സേവാഗും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
റെക്കോഡ് നേട്ടവുമായി വീണ്ടും ഹിറ്റ്മാന്‍
രാജ്കോട്ടില്‍ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 7,000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടം ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ സ്വന്തമാക്കി
ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയില്‍ മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ താരം 10 റണ്‍സെടുത്ത് പുറത്തായപ്പോൾ രാജ്കോട്ടിലെ നിർണായക മത്സരത്തില്‍ 42 റണ്‍സെടുത്ത് തിളങ്ങി. മധ്യനിര ബാറ്റ്സ്‌മാന്‍ എന്ന നിലയിലാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആരംഭിച്ചത്. മുന്‍ നായകന്‍ എംഎസ് ധോണിയുടെ കാലത്താണ് രോഹിത് ഓപ്പണിങ് ബാറ്റ്സ്‌മാനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓപ്പണറായി ഇറങ്ങാന്‍ തീരുമാനിച്ചതാണ് തന്‍റെ കരിയറില്‍ നിർണായക വഴിത്തിരിവുണ്ടാക്കിയതെന്ന് രോഹിത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.