ഹൈദരാബാദ്: രോഹിത് ശർമയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐസിസിയുടെ 2019-ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌ക്കാരം രോഹിത് സ്വന്തമാക്കി. ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ച്വറി ഉൾപ്പെടെ 2019-ല്‍ ഏഴ് ഏകദിന സെഞ്ച്വറികൾ തികച്ച രോഹിത ശർമ്മ 2019-ലെ മികച്ച ഏകദിന ക്രിക്കറ്റെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് ശർമ്മ ലോകകപ്പിലെ ഏറ്റവും വലിയ റണ്‍വെട്ടക്കാരന്‍ കൂടിയായി മാറി. ലോകകപ്പിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നായി രോഹിത് 648 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്ന് ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ വർഷം ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ സിക്‌സുകൾ നേടുന്ന താരമെന്ന റെക്കോഡും ഹിറ്റ്മാന്‍റെ പേരിലാണ്. 2019-ല്‍ 77 സിക്‌സുകളാണ് താരം സ്വന്തമാക്കിയത്.