കേരളം

kerala

ETV Bharat / sports

വെടിക്കെട്ട് ബാറ്റിങ്ങുമായി ഹിറ്റ്മാന്‍; പരമ്പര സ്വന്തമാക്കി ഇന്ത്യ

നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശർമയും ചേർന്നുണ്ടാക്കിയ 137 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്

Rohit News  Kohli News  India News  Australia News  രോഹിത് വാർത്ത  കോലി വാർത്ത  ഇന്ത്യ വാർത്ത  ഓസ്‌ട്രേലിയ വാർത്ത
കോലി, രാഹുല്‍

By

Published : Jan 19, 2020, 9:34 PM IST

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന നിർണായക മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ ജയം. സന്ദർശകർ ഉയർത്തിയ 287 റണ്‍സെന്ന വിജയ ലക്ഷ്യം ടീം ഇന്ത്യ 15 പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യക്കായി ഓപ്പണർ രോഹിത് ശർമ 119 റണ്‍സോടെ സെഞ്ച്വറിയുമായി തിളങ്ങി. 128 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഹിറ്റ്മാന്‍റെ ഇന്നിങ്സ്. സാംപയുടെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് വഴങ്ങിയാണ് രോഹിത് കൂടാരം കയറിയത്. നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിതും ചേർന്നാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇരുവരും ചേർന്ന് 137 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മൂന്നാമനായി ഇറങ്ങിയ കോലി 89 റണ്‍സെടുത്ത് അർധസെഞ്ച്വറിയോടെയാണ് പുറത്തായത്. 45-ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ഹേസില്‍ വുഡ് കോലിയെ ബൗൾഡാക്കി കൂടാരം കയറ്റുകയായിരുന്നു.

ഇന്ത്യക്കായി ലോകേഷ് രാഹുല്‍ 19 റണ്‍സും ശ്രേയസ് അയ്യർ 44 റണ്‍സും മനീഷ് പാണ്ഡെ എട്ട് റണ്‍സും എടുത്തു. ഓസ്‌ട്രേലിയക്കായി ഹേസില്‍വുഡ്, ആഷ്ടണ്‍ അഗര്‍, ആഡം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകർ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 286 റണ്‍സെടുത്തു. 131 റണ്‍സെടുത്ത് സെഞ്ച്വറി സ്വന്തമാക്കിയ സ്‌റ്റീവ് സ്‌മിത്തിന്‍റെ പിന്‍ബലത്തിലാണ് ഓസിസ് മികച്ച സ്‌കോർ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ലബുഷെയിന്‍ അർധസെഞ്ച്വറിയോടെ 54 റണ്‍സ് സ്വന്തമാക്കി. ഏകദിന മത്സരത്തില്‍ ലബുഷെയിന്‍റെ പ്രഥമ അർധസെഞ്ച്വറിയാണ് ഇത്. ലബുഷെയിനും സ്‌മിത്തും ചേർന്ന് 127 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

നാല് വിക്കറ്റ് വീഴ്‌ത്തി മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളർമാരിലെ താരം. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയില്‍ മുംബൈയിൽ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ 10 വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തിരുന്നു. എന്നാല്‍ രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിലെ ജയത്തോടെ ഇന്ത്യ തിരിച്ചെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details