ഹൈദരാബാദ്:രാജ്യത്തെ ഏറ്റവും പഴക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ രഞ്ജി ട്രോഫിയുടെ 86-ാം സീസണ് തുടക്കമായി. ഉദ്‌ഘാടന ദിവസം തിരുവനന്തപുരം സെന്‍റ് സേവ്യേഴ്‌സില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ഡല്‍ഹിയെയാണ് നേരിടുന്നത്. ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സെടുത്ത ഓപ്പണർ സക്‌സേനയുടെ വിക്കറ്റാണ് നഷ്ടമായത്. 16 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 72 റണ്‍സെടുത്ത ആർ. രാഹുലുമാണ് ക്രീസില്‍.
രഞ്ജി ട്രോഫിക്ക് തുടക്കം; കേരളം ഉൾപ്പെടെ 38 ടീമുകൾ മാറ്റുരക്കും - kerala vs delhi news
വിദര്‍ഭ, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാള്‍ എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്
കഴിഞ്ഞ തവണ സമിഫൈനലില്‍ എത്തിയ കേരളം ഇത്തവണ ശക്തർ ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. വിദര്‍ഭ, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാള്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ കേരളത്തോടൊപ്പമുള്ളത്. ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് വിദർഭ ഇത്തവണ രഞ്ജി കളിക്കാനെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും വിദർഭക്കായിരുന്നു കിരീടം. അതേസമയം വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ട്രോഫികൾ സ്വന്തമാക്കിയ കർണാടക നിലവിലെ ചാമ്പ്യന്‍മാരായ മഹാരാഷ്‌ട്രക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തവണ സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ് കേരളാ ടീം ഇറങ്ങുന്നത്. കഴിഞ്ഞ തവണ മോശം പ്രകടനം നടത്തിയ റോബിന്‍ ഉത്തപ്പ ഇത്തവണ നായക സ്ഥാനത്ത് ഇല്ല. വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിലും സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ടൂർണമെന്‍റിലും ഉത്തപ്പയുടെ നേതൃത്വത്തിലുള്ള കേരളത്തിന് തിളങ്ങാനായിരുന്നില്ല.
എണ്ണൂറോളം താരങ്ങളാണ് ടൂർണമെന്‍റില്‍ മാറ്റുരക്കുക. പരിക്കില്‍ നിന്നും മുക്തനായ ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുമ്ര ഗുജറാത്തിന് വേണ്ടി രഞ്ജി കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഫിറ്റ്നസ് തെളിയിച്ച ശേഷം അദ്ദേഹം ന്യൂസിലന്‍റിന് എതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാണ് ലക്ഷ്യമിടുന്നത്. പരിക്കിന്‍റെ പിടിയിലായതിനെ തുടർന്ന് അന്താരാഷ്‌ട്ര ടീമില്‍ നിന്നും പുറത്ത് പോയ ഹർദിക്ക് പാണ്ഡ്യയും മഹാരാഷ്‌ട്രക്ക് വേണ്ടിയുള്ള രഞ്ജി ടീമിന്‍റെ ഭാഗമാകും. ചണ്ഡീഗഡാണ് രഞ്ജിയില്‍ മത്സരിക്കാനെത്തുന്ന പുതിയ ടീം. 38 ടീമുകൾ മാറ്റുരക്കും. എ, ബി, സി, പ്ലേറ്റ് ഗ്രൂപ്പ് എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ടത്തില്‍ മത്സരം. എ, ബി ഗ്രൂപ്പുകളില്‍ നിന്നും മികച്ച പോയിന്‍റ് ലഭിക്കുന്ന അഞ്ച് ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. 10 ടീമുകളുള്ള സി ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമും പ്ലേറ്റ് ഗ്രൂപ്പില്‍നിന്ന് ഒരു ടീമും ക്വാര്‍ട്ടര്‍ പ്രവേശനം നേടും.