രാജ്കോട്ട്; രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ സൗരാഷ്ട്ര മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം കളി നിർത്തുമ്പോൾ സൗരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ടത്തില്‍ 384 റൺസെന്ന നിലയിലാണ്, 13 റൺസോടെ ചിരാഗ് ജാനിയും ഡിഎ ജഡേജയുമാണ് ക്രീസില്‍. അഞ്ചിന് 206 റൺസെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക് അർപിത് വാസവദയുടെ സെഞ്ച്വറിയാണ് കരുത്തായത്.
11 ബൗണ്ടറികളോടെ 287 പന്തില്‍ 106 റൺസെടുത്താണ് വാസവദ പുറത്തായത്. ആദ്യ ദിനം ശാരീരിക അസ്വസ്ഥതയെ തുടർന്ന് പിൻവാങ്ങിയ ഇന്ത്യൻ താരം ചേതേശ്വർ പുജാര 66 റൺസെടുത്ത് പുറത്തായി. 237 പന്ത് നേരിട്ടാണ് പുജാര അർദ്ധ സെഞ്ച്വറി തികച്ചത്. ആദ്യ ദിനം വിശ്വരാജ് ജഡേജ (54), അവി ബരോത് (54) എന്നിവരും അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ബംഗാളിനായി ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷഹബാസ്, മുകേഷ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇഷാൻ പൊരേല്‍ ഒരു വിക്കറ്റ് നേടി. ടോസ് നേടിയ സൗരാഷ്ട്ര ബൗറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.