ന്യൂഡല്‍ഹി:കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ലോക നിലവാരത്തിലുള്ള ബൗളർമാരുടെ ഗുണങ്ങൾ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസർ കാസിഗോ റബാദ. ഐപിഎല്ലിന്‍റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലെ ലൈവ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു റബാദ. മുന്‍ ഓസ്‌ട്രേലിയന്‍ പേസർ ഗ്ലെന്‍ മഗ്രാത്തിനെ പോലെ കൃത്യതയോടെ ലൈനിലും ലങ്ങ്ത്തിലും പന്തെറിയാന്‍ സാധിക്കണമെന്ന ആഗ്രഹമാണ് റബാദ പ്രകടപ്പിച്ചത്. കൂടാതെ ഷുഹൈബ് അക്തറുടെ പേസും ഡെയില്‍ സ്റ്റെയിന്‍റെ ശൗര്യവും ജിമ്മി ആന്‍ഡേഴ്‌സണിന്‍റെ സ്വിങ്ങും തന്‍റെ ബൗളിങ്ങില്‍ ലഭിക്കണമെന്നും റബാദ കൂട്ടിച്ചേർത്തു.
മഗ്രാത്തിന്‍റെ കണിശതയും അക്‌തറിന്‍റെ പേസും വേണമെന്ന് റബാദ - ipl news
ഇതേവരെ 142 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നായി 244 വിക്കറ്റുകൾ ദക്ഷിണാഫ്രിക്കന്‍ പേസർ കാസിഗോ റബാദ സ്വന്തമാക്കി
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ജോ റൂട്ടിന്‍റെ വിക്കറ്റ് ആഘോഷിച്ചതിന് റബാദയെ ഐസിസി വിലക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയില്‍ നടന്ന മൂന്നാം ടെസ്റ്റലായിരുന്നു സംഭവം. റൂട്ടിന്‍റെ വിക്കറ്റെടുത്ത റബാദ ക്രീസിനടുത്തേക്ക് അലറി വിളിച്ച് ഓടിയടുത്താണ് വിക്കറ്റ് ആഘോഷിച്ചത്. എന്നാല്‍ ഐസിസിയുടെ വിലക്ക് അനാവശ്യമാണെന്ന് അന്ന് പലരും പ്രതികരിച്ചു. പോർട്ടീസിന് വേണ്ടി ഇതിനകം 43 ടെസ്റ്റ് മത്സരങ്ങളും 75 ഏകദിനങ്ങളും 24 ടി20കളും കളിച്ച റബാദ 244 വിക്കറ്റുകൾ സ്വന്തമാക്കി. ഐസിസിയുടെ ഏകദിന ടെസ്റ്റ് റാങ്കിങ്ങില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് റബാദ കളിക്കുന്നത്.