ന്യൂഡല്‍ഹി: ഇതിഹാസ താരം സച്ചിൻ ടെൻഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരത്തില്‍ 10 വിക്കറ്റും കളിയിലെ കേമൻ പുരസ്കാരവും. ആരും കൊതിക്കുന്ന മത്സരം. പക്ഷേ അത് ടീം ഇന്ത്യയ്ക്ക് വേണ്ടിയുള്ള അവസാന മത്സരമാകുമെന്ന് ഇടംകൈയ്യൻ സ്പിന്നർ പ്രഗ്യാൻ ഓജ ചിന്തിച്ചിട്ടുണ്ടാകില്ല.2008ല്‍ ഇന്ത്യൻ ടീമില്‍ അരങ്ങേറ്റം കുറിച്ച പഴയ ഹൈദരാബാദ് താരം പ്രഗ്യാൻ ഓജ 2013ലാണ് അവസാന മത്സരം കളിച്ചത്. അതും 27-ാം വയസില്‍. പ്രമുഖ താരങ്ങൾ പലരും അന്താരാഷ്ട്ര കരിയർ തുടങ്ങുന്ന പ്രായത്തില്‍ ഓജ ടീമിന് പുറത്തായി. മോശം പ്രകടനത്തിന്‍റെ പേരില്‍ അല്ല ആ പുറത്താകല്‍. കാര്യ കാരണങ്ങൾ ഇന്നും അജ്ഞാതം. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഗ്യാൻ ഓജ ട്വീറ്റിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണന്ന് താരം ട്വീറ്റിലൂടെ പറഞ്ഞു. തന്‍റെ കരിയറില്‍ പിന്തുണ നല്‍കിയ എല്ലാവർക്കും താരം നന്ദി പറഞ്ഞു.
ഓജ വിരമിച്ചു; കളിമതിയാക്കിയത് മികവു തെളിയിച്ചിട്ടും അവസരം ലഭിക്കാതെ - ഇന്ത്യന്‍ ക്രിക്കറ്റ് ടീം വാർത്ത
ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി മുൻ ഇന്ത്യൻ താരം പ്രഗ്യാന്‍ ഓജ. ട്വീറ്റിലൂടെയാണ് ഇടം കയ്യൻ സ്പിന്നർ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
2008-ല്‍ കറാച്ചിയില്‍ ബംഗ്ലാദേശിനെതിരെയാണ് താരം അദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. 2009-ല്‍ കാണ്‍പൂരില്‍ ശ്രീലങ്കക്ക് എതിരെയാണ് താരം ആദ്യമായി ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇന്ത്യക്കായി 24 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 113 വിക്കറ്റുകൾ സ്വന്തമാക്കി. 18 ഏകദിനങ്ങളും ആറ് ടി20യും പ്രഗ്യാന്‍ കളിച്ചു. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ഡക്കാന്‍ ചാർജേഴ്‌സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2009-ല്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ഡക്കാന്‍ ചാർജേഴ്‌സ് ടീമില്‍ അംഗമായിരുന്നു.