കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഹഫീസിന് രണ്ടാമത്തെ തവണയും കൊവിഡ് 19 സ്ഥിരീകരിച്ച് പിസിബി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലും കഴിഞ്ഞ ഞായറാഴ്ച നടത്തിയ പരിശോധനയിലുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹഫീസിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍ ആദ്യ പരിശോധനക്ക് ശേഷം താരം കുടുംബാംഗങ്ങളോടൊപ്പം വീണ്ടും പരിശോധനക്ക് വിധേയനായി. ഈ ടെസ്റ്റില്‍ താന്‍ കൊവിഡ് 19 നെഗറ്റീവാണെന്ന് കണ്ടെത്തിയതായി ഹഫീസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിസിബിയുടെ രണ്ടാമത്തെ ടെസ്റ്റില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ താരത്തിന്‍റെ കണ്ടെത്തല്‍ ഫലത്തില്‍ അസാധുവായിരിക്കുകയാണ്.
പാക് താരം ഹഫീസിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു - pcb news
നേരത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊവിഡ് 19 പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവെന്ന് തെളിഞ്ഞ മുഹമ്മദ് ഹഫീസ് കുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ നെഗറ്റീവെന്ന് കണ്ടെത്തിയിരുന്നു
നേരത്തെ കൊവിഡ് 19 ടെസ്റ്റിലെ അവ്യക്തതയെ തുടര്‍ന്ന് ക്വാറന്‍റയിനില്‍ പോകാത്ത ഹഫീസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പിസിബി തയ്യാറായിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ തവണയും ഹഫീസിന് വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്വാറന്‍റയിനില്‍ പോകാത്ത താരത്തിനെതിരെ പിസിബിയുടെ അച്ചടക്ക നടപടി ഉണ്ടായേക്കും.
ഇംഗ്ലണ്ട പര്യടനത്തിനുള്ള 29 ക്രിക്കറ്റ് താരങ്ങളെയും 12 സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനെയും കഴിഞ്ഞ ഞായറാഴ്ചയാണ് പിസിബി കൊവിഡ് 19 ടെസ്റ്റിന് വിധേയരാക്കിയത്. ഇതില്‍ ഹഫീസ് ഉള്‍പ്പെടെ ഒമ്പത് താരങ്ങള്‍ കൊവിഡ് 19 പോസിറ്റീവെന്ന് കണ്ടെത്തി. ഇവര്‍ക്കെല്ലാം വെള്ളിയാഴ്ച നടത്തിയ രണ്ടാം റൗണ്ട് പരിശോധനയിലും കൊവിഡ് 19 പോസിറ്റീവെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച താരങ്ങള്‍ക്ക് ഇംഗ്ലണ്ട് പര്യടനത്തിനായി 28-ാം തീയതി പുറപ്പെടുന്ന സംഘത്തോടൊപ്പം ചേരാന്‍ സാധിക്കില്ല. പകരം മറ്റ് റസര്‍വ് താരങ്ങളെ ടീമിനൊപ്പം ഉൾപ്പെടുത്തും.