ഏകദിന ലോകകപ്പ് നിലനിർത്താൻ മുൻ നായകൻ റിക്കി പോണ്ടിംഗിന്‍റെ സഹായം തേടി ഓസ്ട്രേലിയ. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി മേയ് - ജൂലൈ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഓസീസിന്‍റെ സഹപരിശീലകനായി പോണ്ടിംഗിനെ ക്രിക്കറ്റ് ഓസ്ട്രേലിയ നിയമിച്ചു.
പോണ്ടിംഗിനെ സഹപരിശീലകനാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ - ക്രിക്കറ്റ് ഓസ്ട്രേലിയ
ലോകകപ്പ് നിലനിർത്താൻ വേണ്ടിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പോണ്ടിംഗിന് സഹപരിശീലക സ്ഥാനം നല്‍കിയത്.
നാല് വർഷം മുമ്പ് ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ വിജയിച്ച് അഞ്ചാം ലോക കിരീടവും ഓസീസ് സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയക്ക് രണ്ട് ലോകകപ്പുകൾ നേടിക്കൊടുത്ത നായകനാണ് റിക്കി പോണ്ടിംഗ്. മൂന്ന് തവണ ലോകകപ്പ് നേടിയപ്പോഴും ടീമിലുണ്ടായിരുന്ന പോണ്ടിംഗിന് ഇത്തവണ ലോകകപ്പ് നിലനിർത്താൻ വേണ്ടിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സഹപരിശീലക സ്ഥാനം നല്‍കിയത്. ജസ്റ്റിൻ ലാംഗറാണ് ഓസ്ട്രേലിയൻ ടീമിന്‍റെ നിലവിലെ പരിശീലകൻ. 44കാരനായ പോണ്ടിംഗിന്‍റെ സാനിധ്യം ബാറ്റ്സ്മാൻമാർക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
2017ലും 2018ലും ഓസ്ട്രേലിയൻ ടി-20 ടീമിന്‍റെ സഹപരിശീകനായി പോണ്ടിംഗ് പ്രവർത്തിച്ചിട്ടുണ്ട്. ബൗളിംഗ് പരിശീലകൻ ഡേവിഡ് സാക്കർ രാജിവച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പോണ്ടിംഗിന്‍റെ സേവനം തേടിയത്. ഓസ്ട്രേലിയക്ക് വേണ്ടി 168 ടെസ്റ്റും 375 ഏകദിനങ്ങളും കളിച്ച പോണ്ടിംഗ് 2012ല്‍ ഇന്ത്യക്കെതിരാണ് അവസാന ഏകദിനം കളിച്ചത്.