മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിന് ആശ്വാസവാക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 റൺസിന്‍റെ ജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. മുൻനിര ബാറ്റ്സ്‌മാന്‍മാരുടെ കൂട്ടതകർച്ചയും മധ്യനിര ബാറ്റ്സ്‌മാന്‍മാരുടെ മെല്ലെപ്പോക്കുമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്.
ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി - മോദി
ഇന്ത്യയെ 18 റൺസിന് തോല്‍പ്പിച്ച് ന്യൂസിലൻഡ് ലോകകപ്പ് ഫൈനലില്‍. ഇന്ത്യയുടെ തോല്‍വിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
"നിരാശപ്പെടുത്തുന്ന ഫലം, പക്ഷെ അവസാനം വരെ പോരാടിയ ഇന്ത്യയുടെ വീര്യം കാണുന്നതില്‍ സന്തോഷമുണ്ട്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും ഇന്ത്യ ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതില്‍ ഒരുപാട് അഭിമാനിക്കുന്നു. തോല്‍വിയും വിജയവും ജീവിതത്തിന്‍റെ ഭാഗമാണ്. ടീമിന്‍റെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ" - മോദി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യൻ മുൻനിര ബാറ്റ്സ്‌മാന്‍മാര്‍ക്ക് അടിതെറ്റിയ മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടനം മാത്രമായിരുന്നു ആകെയുള്ള ആശ്വാസം. 59 പന്തില്‍ നിന്ന് 77 റൺസാണ് ജഡേജ നേടിയത്. അർധ സെഞ്ച്വറി നേടിയ എം എസ് ധോണി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.