കേരളം

kerala

By

Published : Nov 21, 2019, 8:02 PM IST

ETV Bharat / sports

ഈഡനില്‍ ഇന്ത്യന്‍ ബോളർമാരെ നേരിടുക വെല്ലുവിളി: ഹഖ്

ഫ്ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ പിങ്ക് ബോൾ ഉപയോഗിച്ചുകളിക്കുകയെന്നത് വെല്ലുവിളിയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന്‍ മൊമിനുൾ ഹഖ്

മൊമിനുൾ ഹഖ്

കൊല്‍ക്കത്ത: ഫ്ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ബോളർമാരെ നേരിടുക ദുഷ്‌കരമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൊമിനുൾ ഹഖ്. ഈഡന്‍ ഗാർഡനില്‍ പിങ്ക് ബോൾ ഉപയോഗിച്ചുള്ള പകല്‍ രാത്രി ടെസ്‌റ്റ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ പേസ് ബൗളിങ്ങ് നിര ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും അവരെ ക്ഷമയോടെ നേരിടും.

അതേസമയം ക്രിക്കറ്റ് പ്രേമികളെ കൊണ്ട് നിറഞ്ഞ ഈഡനില്‍ പകല്‍-രാത്രി ടെസ്‌റ്റ് മത്സരം കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ടീം അംഗങ്ങൾക്ക് അപൂർവമായി മാത്രമെ പകല്‍ രാത്രി ടെസ്‌റ്റ് മത്സരം കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂവെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു. പകല്‍ രാത്രി മത്സരത്തിന് മുന്നോടിയായി പരിശീലന മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ.

ഏത് രീതിയിലാണ് പിങ്ക് ബോൾ ഉപയോഗിച്ച് കളിക്കാനാവുകയെന്നതാണ് ആകാംക്ഷ വർധിപ്പിക്കുന്നത്. ഫ്ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ പിങ്ക് ബോൾ ഉപയോഗിച്ചു കളിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്. സ്‌പെക്‌ടേട്ടേഴ്സ് ഉൾപ്പെടെ നിരവധി പേർ മത്സരം കാണാനുണ്ടാകും. സ്‌പോർട്ടിങ് വിക്കറ്റാണ് കൊല്‍ക്കത്തയിലേത്. പുല്ല് നിറഞ്ഞ പിച്ചില്‍ പിങ്ക് ബോൾ എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് എതിരായ ആദ്യ ടെസ്‌റ്റ് മത്സരത്തില്‍ ഹഖ് 44 റണ്‍സ് മാത്രമാണ് എടുത്തത്. ആദ്യ ടെസ്‌റ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്നിങ്സിനും 130 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. നിലവില്‍ ടെസ്‌റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ABOUT THE AUTHOR

...view details