കറാച്ചി:അണ്ടർ-19 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സംഘത്തില്‍ നിന്നും പേസ് ബോളർ നസീം ഷായെ പിന്‍വലിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റേതാണ് നടപടി. താരത്തിന് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മാറ്റുരക്കാന്‍ സമയമായെന്ന വിശദീകരണമാണ് ഇതുസംബന്ധിച്ച് ബോർഡ് നല്‍കുന്നത്. നേരത്തെ ശ്രീലങ്കക്ക് എതിരായ ടെസ്‌റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം പാക് താരം സ്വന്തമാക്കിയിരുന്നു.
ശ്രീലങ്കക്ക് എതിരായ പരമ്പരയില്‍ കറാച്ചിയില്‍ നടന്ന രണ്ടാം ടെസ്‌റ്റിലാണ് നസീം ഈ നേട്ടം സ്വന്തമാക്കിയത്. ഇതേ തുടർന്നാണ് പാകിസ്ഥാന്‍ ടീമിന്‍റെ മുഖ്യപരിശീലകന്‍ മിസ്ബാ ഉൾഹക്ക് താരത്തെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചത്. കഴിഞ്ഞ നവംബറില്‍ പാകിസ്ഥാന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് താരം പ്രഥമ ടെസ്‌റ്റ് മത്സരം കളിക്കുന്നത്. ഇതിനകം ഏഴ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നായി താരം 11 വിക്കറ്റുകൾ സ്വന്തമാക്കി.