ലാഹോർ: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് ലാഹോറിലെ ഹൈ പെർഫോമന്‍സ് സെന്‍ററില്‍ വിദേശ പരിശീലകനെ നിയമിക്കുന്നു. വ്യാഴാഴ്‌ച പ്രസ്‌താവനയിലൂടെയാണ് പിസിബി ഇക്കാര്യം വ്യക്തമാക്കിയത്. യോഗ്യതയും അനുഭവ സമ്പത്തും പരിഗണിച്ചാകും നിയമനമെന്ന് ഹൈ പെർഫോമന്‍സ് സെന്‍ററിലെ ഡയറക്‌ടർ നദീം ഖാന്‍ പറഞ്ഞു. അപേക്ഷകരുടെ മുന്‍കാല ചരിത്രം ഉൾപ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരമാണ് നദീം.
ലാഹോറിലെ ഹൈ പെർഫോമന്‍സ് സെന്‍ററിലേക്ക് വിദേശ പരിശീലകനെ പരിഗണിച്ച് പിസിബി - pcb news
അണ്ടർ 13 തലം മുതല്‍ കളിക്കാരെ നിരീക്ഷിക്കാനും പഠിക്കാനും ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്ന് ഹൈ പെർഫോമന്‍സ് സെന്‍റർ ഡയറക്‌ടർ നദീം ഖാന്‍
അടുത്തിടെയാണ് നദീം ഖാനെ ഡയറക്‌ടറായി നിയമിച്ചത്. പാകിസ്ഥാന്‍റെ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ മോയിന്‍ ഖാന്‍റെ മൂത്ത സഹോദരനാണ് അദ്ദേഹം. അണ്ടർ 13 തലം മുതല്‍ കളിക്കാരെ നിരീക്ഷിക്കാനും പഠിക്കാനും പ്രത്യേക സംവിധാനം നടപ്പാക്കും. ശരിയായ ട്രാക്കിങ്ങ് സംവിധാനം ഇല്ലാത്തതിനാല്‍ പല പ്രതിഭകളെയും നഷ്‌ടമായെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരുടെ പുരോഗതിയും പെരുമാറ്റരീതിയും അച്ചടക്കവും വേണ്ട രിതിയില്‍ നിരീക്ഷിക്കാനോ മാറ്റങ്ങൾ വരുത്താനോ സാധിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ശാരീരിക ക്ഷമത നിലനിർത്തുന്നതുമായി ബന്ധപ്പെട്ടുള്ള ശീലങ്ങൾ കളിക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിറ്റ്നസ് സംസ്കാരം ബലമായി നടപ്പാക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.