മാഞ്ചസ്റ്റര്‍: കൊവിഡ് 19ന് ശേഷമുള്ള രണ്ടാമത്തെ ടെസ്റ്റ് പരമ്പരക്ക് തുടക്കം. ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഒന്നര പതിറ്റാണ്ടിന് ശേഷം വിജയം ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിജയിച്ചാല്‍ ഓസ്ട്രേലിയയെ മറികടന്ന് ജോ റൂട്ടിനും കൂട്ടര്‍ക്കും പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താം. അതേസമയം പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാന് ഒരു ടെസ്റ്റ് വിജയിച്ചാല്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് ഒപ്പമെത്താം.
വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ വിസ്‌ഡന്‍ ട്രോഫി സ്വന്തമാക്കിയതിന്‍റ ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് ടീം. ജെയിംസ് ആന്‍ഡേഴ്സണ്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബോര്‍ഡ്, ക്രിസ് വോക്‌സ് എന്നിവര്‍ അടങ്ങിയ പേസ് നിരയാണ് ഇംഗ്ലണ്ടിന്‍റെ ശക്തി. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും ഇവര്‍ക്ക് കൂട്ടാകും.
സ്റ്റുവര്‍ട്ട് ബോര്‍ഡ് വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരായ പരമ്പരക്കിടെ കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്ന് പുറത്ത് പോയ ജോഫ്ര ആര്‍ച്ചര്‍ ടീമിലേക്ക് തിരിച്ചെത്തി. 11 വിക്കറ്റുകള്‍ കൂടി സ്വന്തമാക്കിയാല്‍ ജെയിംസ് ആന്‍ഡേഴ്‌സണിന് 600 വിക്കറ്റ് നേട്ടം സ്വന്തമാക്കാനാകും. പാകിസ്ഥാനെതിരായ പരമ്പരയില്‍ ആന്‍ഡേഴ്‌സണ്‍ റെക്കോഡ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ടെസ്റ്റ് പരമ്പരകളിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുന്നത് ഇംഗ്ലണ്ട് പതിവാക്കിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാക് നായകന്‍ അസ്‌ഹര്‍ അലിയും കൂട്ടരും. ഷഹീന്‍ അഫ്രീദി, മുഹമ്മദ് അബ്ബാസ്, നസീം ഷാ എന്നിവര്‍ അടങ്ങുന്ന പേസ് പടയുടെ ശക്തിയിലാണ് പാക് നായകന്‍റെ പ്രതീക്ഷ. ഒരു വര്‍ഷം മുമ്പാണ് അലി പാക് ക്രിക്കറ്റ് ടീമിന്‍റെ നായകനായി ചുമതലയേല്‍ക്കുന്നത്. ബാബര്‍ അസമിന്‍റെ നേതൃത്വത്തിലുള്ള ബാറ്റിങ്ങ് നിരയും ശക്തമാണ്.