കറാച്ചി:ശ്രീലങ്കക്ക് എതിരായ കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന് 315 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ആതിഥേയർ 395 റണ്‍സെടുത്തു. 57 റണ്‍സെടുത്ത അഷര്‍ അലിയും, 22 റണ്‍സെടുത്ത ബാബര്‍ അസമുവാണ് ക്രീസില്‍. ഓപ്പണിങ്ങ് കൂട്ടുകെട്ടാണ് ആതിഥേയർക്ക് രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന് മികച്ച സ്കോർ; 315 റണ്‍സിന്‍റെ ലീഡ് - Srilanka news
ശ്രീലങ്കക്ക് എതിരായ കറാച്ചി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച് ആതിഥേയർ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 395 റണ്‍സെടുത്തു
മൂന്നാം ദിനം വിക്കറ്റൊന്നും നഷ്‌ടപെടാതെ 57 റണ്‍സെന്ന നിലയിലാണ് പാക്കിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചത്. 198 പന്തില്‍ 135 റണ്‍സോടെ സെഞ്ച്വറി നേടിയ ഓപ്പണർ ഷാന്‍ മസൂദിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. 281 പന്തില്‍ 174 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയ ആബിദ് അലിയുടെ വിക്കറ്റും നഷ്‌ടമായി. ഇരുവരും ചേർന്ന് 287 റണ്‍സിന്‍റെ ഓപ്പണിങ്ങ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ലഹിരു കുമാരയാണ് ഇരുവരുടെയും വിക്കറ്റെടുത്തത്.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ പാകിസ്ഥാന്‍ 191 റണ്‍സെടുത്ത് പുറത്തായിരുന്നു. 60 റണ്‍സെടുത്ത ബാബര്‍ അസമിന്‍റെയും 63 റണ്‍സെടുത്ത അസാദ് ഷഫീഖിന്‍റയും മികവിലാണ് ആതിഥേയർ ആദ്യ ഇന്നിങ്സില്‍ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 271 റണ്‍സെടുത്ത് കൂടാരം കയറി. 74 റണ്‍സെടുത്ത ദിനേശ് ചന്ദിമാല്‍ മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.