റാവല്‍പിണ്ടി: ടെസ്‌റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന പ്രായം കുറഞ്ഞ താരമായി പാകിസ്ഥാന്‍ പേസ് ബൗളർ നസീം ഷാ. ബംഗ്ലാദേശിനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന ടെസ്‌റ്റ് മത്സരത്തിലാണ് നസീം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. റെക്കോഡ് സ്വന്തമാക്കുമ്പോൾ 16 വയസും 359 ദിവസുമാണ് നസീമിന്‍റെ പ്രായം.
ഹാട്രിക്ക് നേടുന്ന പ്രായം കുറഞ്ഞ താരമായി നസീം ഷാ - Naseem Shah news
ടെസ്‌റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് റെക്കോഡ് സ്വന്തമാക്കുമ്പോൾ 16 വയസും 359 ദിവസുമാണ് നസീം ഷായുടെ പ്രായം
രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും പിന്നീട് മത്സരം കൈവിട്ടു. 38 റണ്‍സെടുത്ത ഹൊസൈന്‍ സാന്റോ, സംപൂജ്യരായി പുറത്തായ തൈജുല്‍ ഇസ്ലാം, മുഹമ്മദുള്ള എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. സാന്‍റോയെയും തൈജുല്‍ ഇസ്ലാമും വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായപ്പോൾ ഹാരിസിന് ക്യാച്ച് വഴങ്ങിയാണ് മുഹമ്മദുള്ള കൂടാരം കയറിയത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്‌ട്ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. നേരത്തെ മൂന്നാം ദിവസം ആദ്യം ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 445 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 റണ്‍സെടുത്ത് കൂടാരം കയറി. പാകിസ്ഥാന്‍ പര്യടനത്തിന്‍റെ ഭാഗമായി ബംഗ്ലാദേശ് രണ്ട് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പരയാണ് കളിക്കുന്നത്. ഏപ്രില്‍ അഞ്ചാം തീയ്യതി കറാച്ചിയിലാണ് അടുത്ത ടെസ്‌റ്റ് മത്സരം. വസീ അക്രം, അബ്ദുൾ റസാക്ക് മുഹമ്മദ് ഷമി എന്നിവരാണ് ഇതിന് മുമ്പ് ടെസ്‌റ്റ് മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി ഹാട്രിക്ക് സ്വന്തമാക്കിയത്.