കറാച്ചി:ശ്രീലങ്കയ്ക്ക് എതിരായ കറാച്ചി ടെസ്റ്റില്‍ 263 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇതോടെ ശ്രീലങ്കക്ക് എതിരെ രണ്ട് ടെസ്റ്റുകളുള്ള പരമ്പയും ആതിഥേയർ സ്വന്തമാക്കി. കറാച്ചിയില്‍ അവസാന ദിനം ശ്രീലങ്ക ബാറ്റിങ് ആരംഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം അകലെയായിരുന്നു ആതിഥേയക്ക് വിജയം. അത് അവർ 15 മിനുട്ടിനുള്ളില്‍ തന്നെ എത്തിപിടിക്കുകയും ചെയ്‌തു. അഞ്ചാം ദിനം സ്‌കോർ ബോഡില്‍ ഒരു റണ്ണ് പോലും കൂട്ടിചേർക്കാനാകാതെ 212 റണ്‍സിനാണ് ശ്രീലങ്ക കൂടാരം കയറിയത്. നേരത്തെ 476 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ പാകിസ്ഥാന് ജയം
കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന് 263 റണ്‍സിന്‍റെ വിജയം. രണ്ടാം ഇന്നിങ്സില്‍ പാക്കിസ്ഥാന്‍ ഉയർത്തിയ 476 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 212 റണ്‍സിന് എല്ലാവരും പുറത്തായി
180 പന്തില്‍ 102 റണ്‍സെടുത്ത ഒഷാഡ ഫെര്‍ണാണ്ടോയും 65 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ നിരോഷന്‍ ഡിക്ക്വെല്ലയും മാത്രമാണ് സന്ദർശകർക്ക് ഇടയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഫെർണാണ്ടോയുടെ ആദ്യ സെഞ്ച്വറിയാണ് കറാച്ചിയില്‍ പിറന്നത്. പാകിസ്ഥാന് വേണ്ടി രണ്ടാം ഇന്നിങ്സില്‍ നസീം ഷാ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. യാസിര്‍ ഷാ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് അബ്ബാസ്, ഷഹീന്‍ അഫ്രീദി ഹാരിസ് സൊഹൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ ആദ്യം ബാറ്റ് ചെയത് പാക്കിസ്ഥാന്‍ മൂന്ന് സെഞ്ച്വറികളുടെ ബലത്തില്‍ 555 റണ്‍സ് സ്വന്തമാക്കിയരുന്നു. 174 റണ്‍സുമായി ആബിദ് അലിയും 135 റണ്‍സുമായി ഷാന്‍ മസൂദും തിളങ്ങിയപ്പോൾ 118 റണ്‍സുമായി ബാബർ അസം പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഉയർത്തിയ 191 റണ്‍സിനെതിരെ ശ്രീലങ്ക 80 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 271 റണ്‍സെടുത്ത് പുറത്തായി. പരമ്പരയില്‍ ആദ്യം റാവല്‍പിണ്ടിയില്‍ നടന്ന ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.