ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ ജയവുമായി ന്യൂസിലന്‍ഡ്. ഹാമില്‍ട്ടണില്‍ ഇന്ത്യ ഉയർത്തിയ 348 റണ്‍സെന്ന വിജയ ലക്ഷ്യം 11 പന്ത് ശേഷിക്കെ കിവീസ് മറികടന്നു. 109 റണ്‍സോടെ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന റോസ്‌ടെയ്‌ലറുടെ പിന്‍ബലത്തിലായിരുന്നു കിവീസിന്‍റെ വിജയം. 84 പന്തില്‍ ആറ് സിക്‌സും 10 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റ ഇന്നിങ്സ്.
78 റണ്‍സെടുത്ത് അർദ്ധ സെഞ്ച്വറിയോടെ പുറത്തായ ഓപ്പണർ ഹെന്‍ട്രി നിക്കോളാസും 69 റണ്‍സെടുത്ത് അർദ്ധസെഞ്ച്വറിയോടെ പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാന്‍ ടോം ലാത്തവും ശക്തമായ പിന്തുണ നല്‍കി. നിക്കോളാസും ടെയ്‌ലറും ചേർന്ന് 62 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. നിക്കോളാസിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി റണൗട്ടാക്കിയാണ് ആ കൂട്ടുകെട്ട് തകർത്തത്. പിന്നാലെ അഞ്ചാമനായി ഇറങ്ങിയ ടോം ലാത്തവും റോസ്‌ടെയ്‌ലറും ചേർന്ന് 138 റണ്‍സിന്‍റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ടിന്‍റെ മികവിലായിരുന്നു കിവീസിന്‍റെ ജയം.
32 റണ്‍സെടുത്ത് ഓപ്പണർ മാർട്ടിന്‍ ഗുപ്‌ട്ടിലും 12 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിച്ചല്‍ സാന്‍റ്നറും മാത്രമാണ് ടെയ്‌ലർ, ലാത്തം, നിക്കോളാസ് എന്നിവര്‍ക്ക് പുറമെ കിവീസ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ശർദ്ദുല്‍ ഠാക്കൂർ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ കിവീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യരുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 347 റൺസെടുത്തു.
107 പന്തില്‍ 103 റണ്‍സാണ് ശ്രേയസ് അയ്യർ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറിയ പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. പൃഥ്വി ഷാ 20 റൺസും മായങ്ക് അഗർവാൾ 32 റൺസെടുത്തും പുറത്തായി. പിന്നാലെ നായകന്‍ വിരാട് കോലി 51 റണ്‍സെടുത്തും ലോകേഷ് രാഹുല്‍ 88 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറുകളില്‍ രാഹുലും കേദാർ ജാദവും നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. 15 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും അടക്കം 26 റണ്‍സാണ് കേദാർ ജാദവ് സ്വന്തമാക്കിയത്.
ജയത്തോടെ കിവീസിന് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 1-0ത്തിന്‍റെ മുന്‍തൂക്കം സ്വന്താമാക്കാനായി. ഓക്‌ലാന്‍റില്‍ ഫെബ്രുവരി എട്ടാം തീയ്യതിയാണ് പരമ്പരയില്‍ അടുത്ത മത്സരം. നേരത്തെ ടി-20 പരമ്പയില്‍ 5-0ത്തിന്‍റെ പരാജയം വഴങ്ങിയതിന്‍റെ ക്ഷീണം മാറ്റാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് കിവീസ്.